എഞ്ചിനീയറിങ് പഠനം ഉപപേക്ഷിച്ച് കോംബാറ്റ് സ്പോർട്സിലേക്ക് ഇറങ്ങിത്തിരിച്ച കൊൽക്കത്ത സ്വദേശി ആയുശ്രീ ബാനർജിക്ക് രാജ്യാന്തര വേദികളിൽ മിന്നുന്ന ജയം. കൊസോവോയിൽ നടന്ന 2026 ഐഎഫ്എംഎ സീനിയർ മുവായ് തായ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളിയും വെങ്കലവും നേടിയിരിക്കുകയാണ് ഈ യുവതാരം. നീന്തലിലൂടെ കായികരംഗത്തേക്ക് കടന്നുവന്ന ആയുശ്രീ, പിന്നീട് ബോക്സിംഗിലും കിക്ക് ബോക്സിംഗിലും മുവായ് തായിലും പരിശീലനം നേടുകയായിരുന്നു. എന്നാൽ പര പരമ്പരാഗത എഞ്ചിനീയറിങ് കോഴ്സ് ഉപേക്ഷിച്ച് കായികരംഗം തിരഞ്ഞെടുക്കാനുള്ള തീരുമാനം വീട്ടുകാർക്ക് ആദ്യഘട്ടത്തിൽ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. എഞ്ചിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ പ്രകോപിതയായ അമ്മ ഒമ്പത് മാസത്തോളമാണ് മകളോട് സംസാരിക്കാതിരുന്നത്.
പഠനം ഉപേക്ഷിച്ച ശേഷമുള്ള മാസങ്ങളിൽ വലിയ മാനസിക സംഘർഷങ്ങളാണ് വീട്ടിൽ അനുഭവിക്കേണ്ടി വന്നതെന്ന് ആയുശ്രീ വെളിപ്പെടുത്തുന്നു. പിന്നീട് 2024-ൽ കമ്പോഡിയയിൽ നടന്ന ഏഷ്യൻ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെയാണ് കുടുംബവുമായുള്ള അകൽച്ചയ്ക്ക് പരിഹാരമായത്. ഇന്ത്യക്ക് വേണ്ടി വിജയിച്ച മെഡലിന്റെ ചിത്രം അയച്ചുകൊടുത്തതോടെയാണ് ഒമ്പത് മാസത്തെ മൗനം വെടിഞ്ഞ് അമ്മ ആശംസകൾ അറിയിച്ചത്. വളരെയധികം അപകടസാധ്യതയുള്ള കായികരംഗമായതിനാൽ തുടക്കത്തിൽ മാതാപിതാക്കൾക്ക് ഭയമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് താരം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ പ്രീ-ക്വാർട്ടറിൽ പുറത്തായെങ്കിലും കഠിന പരിശീലനത്തിലൂടെ തൻറെ പോരായ്മകൾ പരിഹരിച്ചാണ് ഇത്തവണ രണ്ടും കല്പിച്ച് റിംഗിലിറങ്ങിയത്. മത്സരിക്കുന്നതിന് പുറത്ത് താൻ തികച്ചും സാധാരണക്കാരിയാണെങ്കിലും റിംഗിനുള്ളിൽ എത്തുന്നതോടെ വിജയം മാത്രമാണ് ലക്ഷ്യമെന്ന് ആയുശ്രീ പറയുന്നു. ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണം നേടാനായില്ലെങ്കിലും രാജ്യത്തിനായി ലോകവേദിയിൽ രണ്ട് മെഡലുകൾ സ്വന്തമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, അടുത്ത തവണ സ്വർണ്ണമെന്ന ലക്ഷ്യം കൈവരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.








