മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യപ്രതികരണം നടത്തിയ അടൂർ പ്രകാശിനെ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഭരണപരമായ കാര്യങ്ങൾ കൃത്യമായി മുഖ്യമന്ത്രി കെപിസിസി അധ്യക്ഷനെയും തങ്ങളെയും അറിയിക്കാറുണ്ടെന്ന് വ്യക്തമാക്കിയ മുരളീധരൻ, മുന്നണിയിലെ ആഭ്യന്തര കാര്യങ്ങൾ പറയേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും പാർട്ടിക്കകത്താണെന്നും ഓർമ്മിപ്പിച്ചു. പല വിഷയങ്ങളും മാധ്യമങ്ങളിലൂടെ അറിയുന്നുവെന്ന് പണ്ട് താൻ പരാതി പറഞ്ഞപ്പോൾ എല്ലാവരും ചേർന്ന് വിമർശിച്ചിരുന്നതായും, അതേ ആളുകൾ തന്നെയാണ് ഇപ്പോൾ പരസ്യപ്രതികരണങ്ങളുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെയും വഴിതടയലിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കരിങ്കൊടി കാണിക്കുന്നതിൽ തെറ്റില്ലെങ്കിലും വഴിയിൽ തടയുന്നതും കല്ലെറിയുന്നതുമായ അക്രമരീതികളോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആത്മസംയമനം പാലിക്കുന്നത് ദൗർബല്യമായി കരുതരുതെന്നും, വഴിയിൽ തടഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഞ്ചുവർഷം കഴിഞ്ഞ് ജനങ്ങൾ വോട്ട് ചെയ്ത് കാണിച്ചുതരുന്നത് വരെ സിപിഎം ക്ഷമയോടെ കാത്തിരിക്കണമെന്ന് മുരളീധരൻ പറഞ്ഞു. ഇപ്പോൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാൽ അത് നടക്കില്ലെന്നും, ജനവിധി വരുന്നത് വരെ കാത്തിരിക്കാൻ അവർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








