2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ കടുത്ത ഭിന്നത പുകയുന്നു. സംസ്ഥാനത്തെ ആകെയുള്ള 403 സീറ്റുകളിൽ കുറഞ്ഞത് 150 സീറ്റുകളിലെങ്കിലും മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം സമാജ്‌വാദി പാർട്ടിക്ക് മുന്നിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോൺഗ്രസിന് പരമാവധി 53 മുതൽ 55 സീറ്റുകൾ വരെ മാത്രമേ നൽകാൻ സാധിക്കൂ എന്ന നിലപാടിലാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് കൂടുതൽ സീറ്റുകൾ വേണമെന്ന് കോൺഗ്രസ് വാദിക്കുന്നത്. സംസ്ഥാനത്ത് 403 മണ്ഡലങ്ങളിലും മത്സരിക്കാൻ സജ്ജരായ സ്ഥാനാർത്ഥികൾ ഉണ്ടെന്ന് വ്യക്തമാക്കിയ കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള നേതാക്കൾ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ പകുതി സീറ്റുകൾക്ക് തങ്ങൾക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വിജയസാധ്യതയുള്ള മണ്ഡലങ്ങളെ തരംതിരിച്ച് വ്യക്തമായ കണക്കുകളോടെയാണ് കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ 350 ഓളം സീറ്റുകളിൽ സമാജ്‌വാദി പാർട്ടി തന്നെ നേരിട്ട് മത്സരിക്കാനാണ് പദ്ധതിയിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള വോട്ടുവിഹിതവും പ്രാദേശിക സ്വാധീനവും പരിഗണിക്കുമ്പോൾ കോൺഗ്രസിന് 150 സീറ്റുകൾ നൽകുന്നത് പ്രായോഗികമല്ലെന്ന് എസ്.പി നേതൃത്വം കരുതുന്നു. എന്നാൽ ബി.ജെ.പിയെ തോൽപ്പിക്കാൻ ശേഷിയുള്ള സ്ഥാനാർത്ഥികളെ നിർത്തിയാൽ കൂടുതൽ സീറ്റുകൾ നൽകുന്നതിൽ തടസ്സമില്ലെന്ന നിലപാടിൽ ഇരുപാർട്ടികളും ചർച്ചകൾ തുടർന്നു വരികയാണ്.








