യുഎന്നിൽ പാകിസ്ഥാന്റെ കശ്മീർ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാനിലെ വ്യാജ സിവിലിയൻ ഭരണകൂടങ്ങൾ അവിടുത്തെ സൈന്യത്തിന്റെ കാരുണ്യത്തിലാണ് നിലനിൽക്കുന്നതെന്നും കാലാവധി തികയ്ക്കാൻ പോലുമാകാതെ പടിയിറങ്ങേണ്ടി വരുന്നവരാണെന്നും ഇന്ത്യ തുറന്നടിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി മൂന്നാം കമ്മിറ്റി യോഗത്തിൽ പാകിസ്ഥാൻ പ്രതിനിധി ജമ്മു കശ്മീർ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ‘റൈറ്റ് ഓഫ് റിപ്ലൈ’ വിനിയോഗിച്ചാണ് ഇന്ത്യ പാകിസ്ഥാന് ശക്തമായ മറുപടി നൽകിയത്. ജമ്മു കശ്മീരും ലഡാക്കും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദൻ വ്യക്തമാക്കി.
പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യം വേഗത്തിൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഭവിക ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്വന്തം ആഭ്യന്തര പ്രശ്നങ്ങളും ജനങ്ങളുടെ അതൃപ്തിയും പരിഹരിക്കുന്നതിന് പകരം ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കാനും മൂന്ന് പതിറ്റാണ്ടിലേറെയായി അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ധനസഹായം നൽകാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പാക് അധീന കശ്മീരിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നും ക്രൂരമായ അടിച്ചമർത്തലുകളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനുള്ള നിരാശാജനകമായ ശ്രമമാണ് പാകിസ്ഥാൻ നടത്തുന്നത്.
സമാധാനപരമായ അന്തരീക്ഷത്തിൽ വൻ ജനപങ്കാളിത്തത്തോടെ 2024-ൽ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയകരമായി നടന്നുവെന്നും ജനാധിപത്യ രീതിയിൽ ഭരണമാറ്റം ഉണ്ടായെന്നും ഇന്ത്യ യുഎന്നിൽ ഓർമ്മിപ്പിച്ചു. സ്വന്തം വീഴ്ചകൾ തിരുത്തി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതാണ് അയൽരാജ്യങ്ങളുടെ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ പാകിസ്ഥാന് നല്ലതെന്നും ഇന്ത്യ വ്യക്തമാക്കി.








