ഗുവാഹത്തി: വ്യാജ രേഖകളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 17 ബംഗ്ലാദേശ് പൗരന്മാരെ അസം പോലീസ് വമ്പൻ തിരച്ചിലിലൂടെ അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് ഗുവാഹത്തി പോലീസിന്റെ ഓപ്പറേഷൻസ് ഡെപ്യൂട്ടി കമ്മീഷണർ (DCP) കുലേന്ദ്ര നാഥ് ഡേക്ക അറിയിച്ചു. വ്യാജ വിവരങ്ങൾ നൽകി വിദേശികൾക്ക് താമസസൗകര്യവും യാത്രാസൗകര്യവും ഒരുക്കി നൽകിയ ഹോട്ടൽ ഉടമ അടക്കം നാല് പ്രാദേശിക ഏജന്റുമാരും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
മേഘാലയയിലെ ദൗകി (Dawki) അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന അഞ്ച് ബംഗ്ലാദേശികളെ ഗുവാഹത്തിയിലെ പൾട്ടൻ ബസാർ റെയിൽവേ സ്റ്റേഷന് സമീപം ലോക്മാന്യ തിലക് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പോലീസ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഗുവാഹത്തിയിലെ ഹോട്ടലിൽ ഇവർക്ക് താമസസൗകര്യം നൽകിയ വിവരം പുറത്തുവന്നത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാൻ ബസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഹോട്ടൽ ഉടമ അമിത്‌റായ് ഡോയ്മാരി, മാനേജർമാരായ വികാസ് പോൾ, രഞ്ചൻ ധർ, ഏജന്റ് ഹസ്രത്ത് അലി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മറ്റൊരു റെയ്ഡിൽ നഗരത്തിലെ വേറൊരു ഹോട്ടലിൽ നിന്ന് 13 ബംഗ്ലാദേശ് പൗരന്മാരെ കൂടി പോലീസ് വലയിലാക്കി. ഇവർ കഴിഞ്ഞ 10 മുതൽ 15 വർഷത്തോളമായി ശ്രീനഗറിലാണ് കഴിഞ്ഞിരുന്നതെന്നും അസമിലെ ഏജന്റ് ശൃംഖല വഴി തിരികെ ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ബംഗ്ലാദേശികളെ അസം ഇമിഗ്രന്റ്സ് ആക്ട് (Immigrants Expulsion from Assam Act) പ്രകാരം നാടുകടത്താനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. അതിർത്തി കടന്നുള്ള വ്യാജരേഖാ-കടത്ത് ശൃംഖലയെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










