ഭരണനേതൃത്വത്തിൽ 25 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഹാവിഷ്ണുവിന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെ. ‘നമ്മുടെ കാലഘട്ടത്തിലെ ഒരു അവതാരം’ (An Avatar of Our Time) എന്ന തലക്കെട്ടിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഭൂട്ടാൻ പ്രധാനമന്ത്രി മോദിയെ അതിശക്തമായി പ്രശംസിച്ചത്. 2019 ജൂലൈയിൽ തിംഫുവിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് താൻ ഈ വിശേഷണം മോദിയോട് നേരിട്ട് പറഞ്ഞതെന്നും, തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങൾ നിരീക്ഷിച്ചപ്പോൾ താൻ പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് വ്യക്തമായെന്നും ടോബ്‌ഗെ കുറിച്ചു.
ഹിമാലയൻ പാരമ്പര്യങ്ങളും ബുദ്ധമത കാഴ്ചപ്പാടുകളും ചേർത്തുപിടിച്ചാണ് നരേന്ദ്ര മോദിയുടെ ഭരണ ശൈലിയെ ടോബ്‌ഗെ വിലയിരുത്തുന്നത്. ജ്ഞാനം, കാരുണ്യം, ധൈര്യം എന്നിവ സമ്മേളിക്കുന്ന ബോധിസത്വന്മാരുടെ ത്രിമൂർത്തി സങ്കൽപ്പമായ ‘റിഗ്സം ഗോൺപോ’ എന്ന ബുദ്ധമത ആശയവുമായി മോദിയുടെ നേതൃത്വത്തെ അദ്ദേഹം ഉപമിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായി 13 വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷം ഇന്ത്യയുടെ ദേശീയ അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റൽ ഭരണ നിർവഹണത്തിലും മോദി വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര ബന്ധത്തിന്റെ തെളിവുകൂടിയാണ് ഈ പുകഴ്ത്തൽ. 2014-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റയുടൻ മോദി ആദ്യ വിദേശയാത്രയ്ക്കായി തിരഞ്ഞെടുത്തത് ഭൂട്ടാനെയായിരുന്നു. “ബി ഫോർ ബി: ഭാരത് ഫോർ ഭൂട്ടാൻ, ഭൂട്ടാൻ ഫോർ ഭാരത്” എന്ന ആശയം മുന്നോട്ടുവെച്ച മോദിയുടെ കാലത്ത് ഭൂട്ടാന്റെ വികസന പദ്ധതികൾക്ക് ഇന്ത്യ വലിയ പിന്തുണ നൽകിയിരുന്നു. ഭൂട്ടാന്റെ സർവോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി ഡ്രുക് ഗ്യാൽപോ’ നൽകി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് മുൻപ് മോദിയെ ആദരിച്ചിട്ടുമുണ്ട്.











