ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ (FCRA) രജിസ്‌ട്രേഷൻ അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. രാജ്യത്തിന്റെ മതനിരപേക്ഷ ഘടനയെയും സാമൂഹിക സൗഹാർദ്ദത്തെയും ബാധിക്കാത്ത തരത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് മാത്രമേ ഇത്തരം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകൂ എന്നും കോടതി വ്യക്തമാക്കി. കൊടൈക്കനാൽ ആസ്ഥാനമായ കൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും എം.ഡി. സുമതിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി.
2021-ൽ സ്ഥാപിതമായ ട്രസ്റ്റിന്റെ എഫ്.സി.ആർ.എ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതിനെ തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്. സെൻ ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന സ്ഥാപനമാണെന്ന് ട്രസ്റ്റ് വാദിച്ചെങ്കിലും, സംഘടനയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും മതപരമായ സ്വഭാവമുള്ളതാണെന്ന് കോടതി വിലയിരുത്തി. കേവലം മതപരമായ കാര്യങ്ങളിൽ ഏർപ്പെടുന്ന സംഘടനയും വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടായിരിക്കണം. വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്തുകൾ, യോഗ തുടങ്ങിയ ഇന്ത്യൻ വിജ്ഞാന പാരമ്പര്യങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ അവരുടെ പ്രവർത്തനസ്വഭാവം അനുസരിച്ച് സാംസ്കാരിക-വിദ്യാഭ്യാസ വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
എഫ്.സി.ആർ.എ അപേക്ഷകളിൽ സംഘടനയുടെ യഥാർത്ഥ സ്വഭാവവും ലക്ഷ്യങ്ങളും മറച്ചുവെക്കാതെ കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ നിരസിക്കാൻ കേന്ദ്രത്തിന് പൂർണ്ണ അധികാരമുണ്ട്. അതേസമയം, മതപരിവർത്തനവുമായി ബന്ധപ്പെട്ട ഈ ചട്ടം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് മാത്രം ബാധകമല്ലെന്നും, ‘ഘർ വാപസി’ പോലെയുള്ള മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹിന്ദു സംഘടനകൾക്കും എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ ലഭിക്കില്ലെന്നും കോടതി പ്രത്യേകം നിരീക്ഷിച്ചു. വിദേശ സംഭാവനകളുടെ ദുരുപയോഗവും ലംഘനങ്ങളും അന്വേഷണ ഏജൻസികൾ കർശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി വലിയ പ്രാധാന്യമർഹിക്കുന്നു.










