അന്താരാഷ്ട്ര വേദിയായ ഐക്യരാഷ്ട്രസഭയിൽ (UN) ജമ്മു കശ്മീരിനെക്കുറിച്ച് പതിവ് വ്യാജ നുണപ്രചാരണങ്ങളും മതവിദ്വേഷവും വിഷ പുകയും തുപ്പിയ പാകിസ്ഥാന് ഭാരതത്തിന്റെ കനത്ത പ്രഹരം. യുഎൻ വേദി ദുരുപയോഗം ചെയ്ത് ഇന്ത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ പ്രതിനിധിയെ നിർദ്ദയം വിചാരണ ചെയ്ത് ഇന്ത്യൻ പ്രതിനിധിയും പാർലമെന്റ് അംഗവുമായ മഹിമ കുമാരി രംഗത്തെത്തി. ജമ്മു കശ്മീർ എന്നെന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്നും, ഇനി എന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും വ്യക്തമാക്കിയ അവർ, പാകിസ്ഥാന്റെ വിഘടനവാദ അജണ്ടകൾ ഐക്യരാഷ്ട്രസഭയിൽ ചെലവാകില്ലെന്ന് താക്കീത് നൽകി.
പ്രത്യേക രാഷ്ട്രീയ വിഷയങ്ങളും കോളനിവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്ന യുഎൻ സമിതിയിലാണ് പാകിസ്ഥാൻ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച് മുഖംമൂടി അണിഞ്ഞത്. ഇതിന് കൃത്യമായ മറുപടി നൽകിയ മഹിമ കുമാരി, “ഐക്യരാഷ്ട്രസഭയിലെ നിങ്ങളുടെ വ്യാജ നുണപ്രചാരണം അവസാനിപ്പിക്കൂ, ഈ വേദിയിൽ വന്ന് മതപ്രസംഗം നടത്താൻ നോക്കേണ്ട” എന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. സ്വന്തം രാജ്യത്ത് പൗരാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന നിരപരാധികളായ സാധാരണക്കാരെ സൈന്യത്തെ ഉപയോഗിച്ച് വെടിവെച്ചുകൊല്ലുന്നവരാണ് പാകിസ്ഥാന്റെ ഭരണാധികാരികൾ എന്ന് അവർ തുറന്നടിച്ചു.
സൈനിക ഏകാധിപത്യവും, വ്യാജ തിരഞ്ഞെടുപ്പ് ക്രമക്കേടുകളും, ജനപിന്തുണയുള്ള നേതാക്കളെ തടവിലാക്കലും, അതിർത്തി കടന്നുള്ള ഭീകരവാദവും മതം തലയ്ക്കുപിടിച്ച തീവ്രവാദവും മുഖമുദ്രയാക്കിയ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തെ ഉപദേശിക്കാൻ വരേണ്ടതില്ലെന്നും മഹിമ കുമാരി പ്രതികരിച്ചു. സ്വന്തം നാട്ടിലെ പട്ടിണിയും ഭീകരവാദവും പരിഹരിക്കാൻ കഴിവില്ലാത്ത പാകിസ്ഥാൻ, അന്താരാഷ്ട്ര വേദികളിൽ വന്ന് ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ വച്ചുപൊറുപ്പിക്കില്ലെന്ന് ഭാരതീയ നിലപാട് ആവർത്തിച്ചുകൊണ്ട് അവർ വ്യക്തമാക്കി.











