വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 41 പന്തിൽ 82 റൺസ് നേടി ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചതിന് പിന്നാലെ തന്റെ ബാറ്റിങ് ശൈലിയെക്കുറിച്ചും ടീമിലെ ഉത്തരവാദിത്തത്തെക്കുറിച്ചും മനസ്സ് തുറന്ന് സഞ്ജു സാംസൺ. മോശം പ്രകടനങ്ങൾ ഉണ്ടായെങ്കിലും തന്റെ ആക്രമണോത്സുകമായ കളിശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും, ഒരു ഓപ്പണർ എന്ന നിലയിൽ രാജ്യത്തിന് മികച്ച തുടക്കം നൽകുകയാണ് തന്റെ പ്രധാന ചുമതലയെന്നും സഞ്ജു വ്യക്തമാക്കി.
വ്യക്തിഗത സ്കോറുകൾക്കായി കരുതലോടെ കളിച്ച് സമയം കളയാൻ ട്വന്റി20 ഫോർമാറ്റിൽ സാധിക്കില്ലെന്നും ടീമിന്റെ ആവശ്യങ്ങൾക്കാണ് താൻ എപ്പോഴും മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോശം ഫോമിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ തന്നെ ഏറ്റെടുക്കുന്നുവെന്നും അനാവശ്യമായി മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു.
റാഞ്ചിയിലെ പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് കളിക്കാൻ കഴിഞ്ഞതാണ് മികച്ച ഇന്നിങ്സ് പുറത്തെടുക്കാൻ സഹായിച്ചതെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. മുൻകൂട്ടി പ്ലാൻ ചെയ്ത് ഷോട്ടുകൾ കളിക്കുന്നതിനേക്കാൾ പന്തിന്റെ മെരിറ്റ് അനുസരിച്ച് പ്രതികരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് മലയാളി താരം വ്യക്തമാക്കി. സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന് പുറമെ ഇഷാൻ കിഷൻ (43), ശ്രേയസ് അയ്യർ (40), തിലക് വർമ്മ (44 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിങ് പിന്തുണയോടെ ഇന്ത്യ 249/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. സ്കോർ വലുതാണെങ്കിലും വിൻഡീസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിസ്സാരമായി കാണാനാകില്ലെന്നും പവർപ്ലേയിലെ പ്രകടനം വിജയത്തിൽ നിർണായകമാകുമെന്നും ഇന്നിങ്സിന് ശേഷം സഞ്ജു കൂട്ടിച്ചേർത്തു.











