ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലായ ‘കോക്രോച്ച് ജനത പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയെ തേടി ദു:ഖവാർത്ത. അഭിജീത് പോലീസിന്റെ കസ്റ്റഡിയിൽ തുടരവേ അദ്ദേഹത്തിന്റെ മുത്തശ്ശി സാവിത്രിബായി ദിപ്കെ (85) ശനിയാഴ്ച രാവിലെ അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള കുടുംബത്തിന്റെ ജന്മനാടായ സാന്തൂക് പിംപ്രിയിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർദ്ധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്ന സാവിത്രിബായി രാവിലെ 11.30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവം നടക്കുമ്പോൾ അഭിജീതിന്റെ മാതാപിതാക്കളായ ഭഗവാൻ ദിപ്കെയും അനിതയും ഛത്രപതി സംഭാജിനഗറിലായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഇരുവരും ഹിംഗോളിയിലേക്ക് തിരിച്ചു. ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ഇവരുടെ വീടിന് മുന്നിലും പോലീസ് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്.
അതേസമയം, ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട അഭിജീത് ദിപ്കെയെ മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി ഡൽഹി പോലീസ് ഉടൻ വിട്ടയച്ചേക്കുമെന്നാണ് വിവരം. അഭിജീതിന്റെ അസാന്നിധ്യത്തിൽ ജന്തർ മന്തറിലെ പ്രതിഷേധ പ്രക്ഷോഭങ്ങൾക്ക് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകുമെന്ന് വ്യക്തമാക്കിക്കൊണ്ട് സിജെപി ഔദ്യോഗിക വീഡിയോ പുറത്തുവിട്ടു.










