വോട്ട് മോഷണ ആരോപണങ്ങളും വോട്ടർപട്ടിക പ്രത്യേക പരിഷ്കരണവും (SIR) മുൻനിർത്തി പ്രതിപക്ഷ പാർട്ടികളും പ്രതിപക്ഷ മുന്നണിയും നടത്തുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധമാർച്ചിനെതിരെ കടുത്ത വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വിദേശ ശക്തികളുടെ ഒത്താശയോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
140 കോടി ജനങ്ങൾ സമാധാനത്തോടെ ജീവിക്കുകയും രാജ്യത്തിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ രാജ്യത്ത് അതീവ അപകടകരമായ സാഹചര്യമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിനായി രണ്ട് അരാജക സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഒന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഇൻഡി’ മുന്നണിയും രണ്ടാമത്തേത് അരവിന്ദ് കെജ്രിവാളിന്റെ അനുയായികൾ ഉൾപ്പെടുന്ന സി.ജെ.പിയുമാണെന്ന് നിതിൻനബിൻ തുറന്നടിച്ചു. തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കാൻ തയ്യാറാകാത്ത ഇവർ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനായി വിദേശ ശക്തികളുടെ കൈപ്പണം വാങ്ങിയാണ് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകമെമ്പാടും വലിയ സാമ്പത്തിക-ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഭാരതം വികസന പാതയിൽ അതിവേഗം മുന്നേറുകയാണ്. എന്നാൽ രാജ്യത്തിന്റെ ഈ വളർച്ചയും സ്വാശ്രയത്വവും ഉൾക്കൊള്ളാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. ഭാരതത്തിലെ ജനാധിപത്യ സംവിധാനം അതീവ ശക്തമാണെന്നും, രാജ്യത്തെ രാജ്യസ്നേഹികളായ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇത്തരം അരാജക ശക്തികളുടെയും വിദേശ ഏജന്റുമാരുടെയും ഗൂഢശ്രമങ്ങളെ തകർത്തെറിയുമെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടിക തിരുത്തൽ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിച്ചത്.












