ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഡൽഹിയിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ച ‘കോക്രോച്ച് ജനത പാർട്ടി’ (CJP) പ്രവർത്തകരെയും പ്രതിപക്ഷ പ്രക്ഷോഭകരെയും പോലീസും സുരക്ഷാ സേനയും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അനാവശ്യമായി ഇടപെടാൻ ശ്രമിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന് (OHCHR) ഭാരതത്തിന്റെ നയതന്ത്ര തലത്തിലുള്ള കനത്ത പ്രഹരം. ഡൽഹിയിലെ ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ ഉന്നയിച്ച ആശങ്കകൾ തികച്ചും തെറ്റിദ്ധാരണാജനകവും ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ കടന്നുകയറ്റവുമാണെന്ന് ഇന്ത്യ തുറന്നടിച്ചു. ജനീവയിലെ ഇന്ത്യൻ മിഷൻ എക്സിലൂടെയാണ് (X) യുഎന്നിന്റെ പക്ഷപാതപരമായ പ്രസ്താവനകളെ ശക്തമായി പ്രതിരോധിച്ച് പ്രസ്താവനയിറക്കിയത്.
ഡൽഹിയിൽ നടന്ന അരാജകപരമായ പ്രതിഷേധങ്ങൾക്ക് മുന്നോടിയായി പ്രക്ഷോഭകരെയും സംഘാടകരെയും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ വക്താവ് തമീൻ അൽ ഖീതൻ രംഗത്തെത്തിയതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിൽ ഭരണഘടന പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളും സ്വതന്ത്ര ന്യായാധിപസഭയും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളും ഇവിടെ സജീവമാണെന്നും ഇന്ത്യ വ്യക്തമാക്കി. പൊതു ക്രമസമാധാന പരിപാലനത്തിനായി നിയമാനുസൃതമായ പരിധികൾ ഏർപ്പെടുത്താൻ ഭരണകൂടത്തിന് പൂർണ്ണ അധികാരമുണ്ടെന്നും പോലീസ് നടപടികൾ പൂർണ്ണമായും നിയമവിധേയമാണെന്നും പ്രതിനിധികൾ വ്യക്തമാക്കി.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന വൻകിട അക്രമപ്രവർത്തനങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും കണ്ണടച്ച് ഭാരതത്തെ മാത്രം ലക്ഷ്യമിടുന്നത് യുഎൻ മനുഷ്യാവകാശ സമിതിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സ്വന്തം അജണ്ടകൾക്കായി രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സി.ജെ.പി പ്രക്ഷോഭകരെയും രാഷ്ട്രീയ നേതാക്കളെയും നിയമപരമായി നേരിട്ടതിനെ മനുഷ്യാവകാശ ലംഘനമായി ചിത്രീകരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. ആഗോളതലത്തിൽ നടക്കുന്ന വലിയ പ്രക്ഷോഭങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യുഎൻ സമിതിക്ക് നല്ലതെന്നും ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറേണ്ടതില്ലെന്നും കർശന താക്കീത് നൽകി.











