ഡൽഹിയിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ ഇരുപതിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിനിടയാണ് വ്യാപകമായ നിയമലംഘനങ്ങൾ ഉണ്ടായത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധക്കാർ നടത്തിയ അതിക്രമങ്ങളിൽ സൗത്ത് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ പതിനഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ജന്തർമന്ദർ ലക്ഷ്യമാക്കി നീങ്ങിയ പ്രകടനത്തിനിടയിൽ ബാരിക്കേഡുകൾ തകർക്കാനും പൊലീസിനു നേരെ കല്ലെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകളെ മുൻകരുതൽ നടപടിയുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയും നഗരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കമല മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർത്ഥികളെ ആക്രമിക്കുകയും സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതുൾപ്പെടെയുള്ള സംഭവങ്ങളിലും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും നവമാധ്യമങ്ങളിലെ പോസ്റ്റുകളും ഫേഷ്യൽ റെക്കഗ്നീഷൻ ക്യാമറകളുടെ സഹായത്തോടെയുള്ള തെളിവുകളും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ അറസ്റ്റുകളും എഫ്.ഐ.ആറുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.










