അമേരിക്കയുടെ അഭിമാനമായ എഫ്-35 (F-35) സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ യുഎസിന് കടുത്ത പരിഹാസവുമായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷ്മാൽ എ.പി. സിംഗ്. അമേരിക്കൻ ഉദ്യോഗസ്ഥർ തങ്ങളെ എഫ്-35 വിമാനങ്ങളുടെ അടുത്ത് പോലും അടുപ്പിക്കാറില്ലെന്നും, എന്നിട്ടാണ് ഇപ്പോൾ അത് വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ജോധ്പൂരിൽ നടന്ന അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രകടനമായ ‘തരംഗ് ശക്തി-2026’-ന്റെ (Tarang Shakti-2026) സമാപന ചടങ്ങിനോടനുബന്ധിച്ച് യുഎസ് പസഫിക് എയർഫോഴ്സ് കമാൻഡർ ജനറൽ കെവിൻ ശ്നൈഡർ വേദിയിലിരിക്കെയാണ് വ്യോമസേനാ മേധാവിയുടെ ഈ പരാമർശം.
അമേരിക്ക ഇന്ത്യയ്ക്ക് എഫ്-35 അഞ്ച് തലമുറ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഈ രസകരമായ പ്രതികരണം നടത്തിയത്. “നിങ്ങളുടെ ആളുകൾ ഞങ്ങളെ ആ വിമാനത്തിന് അടുത്തേക്ക് പോലും പോകാൻ അനുവദിക്കുന്നില്ല, എന്നിട്ടാണ് നിങ്ങൾ അത് ഞങ്ങൾക്ക് വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്,” എന്ന് അമേരിക്കൻ കമാൻഡറെ നോക്കി അദ്ദേഹം വ്യക്തമാക്കി. എഫ്-35 വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ അമേരിക്ക ഔദ്യോഗികമായി യാതൊരു ഓഫറും വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭാവി പ്രതിരോധ ആവശ്യങ്ങളും തദ്ദേശീയമായി അഞ്ച് തലമുറ യുദ്ധവിമാനങ്ങൾ (AMCA) നിർമ്മിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്യുന്നതിനിടയിലാണ് ഈ പരാമർശം. റഷ്യയുടെ അഞ്ച് തലമുറ യുദ്ധവിമാനമായ സുഖോയ്-57 (Su-57) സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, റഷ്യയിൽ നിന്നുള്ള ഓഫർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് പരിശോധിക്കേണ്ടതുണ്ടോ എന്ന് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എ.പി. സിംഗ് വ്യക്തമാക്കി. സർക്കാർ അനുമതി ലഭിച്ചാൽ സേനയുടെ ആവശ്യങ്ങൾക്ക് അത് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എട്ട് രാജ്യങ്ങൾ പങ്കെടുത്ത ‘തരംഗ് ശക്തി-2026’ വ്യോമാഭ്യാസം ഇന്ത്യയുടെ സൈനിക കരുത്ത് വിളിച്ചോതുന്നതായിരുന്നു.












