സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ കേന്ദ്രീകരിച്ച് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ വൻ മിന്നൽ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 26 കേസുകൾ രജിസ്റ്റർ ചെയ്തു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 5 പ്രമുഖ തിയറ്ററുകൾക്ക് വകുപ്പുകൾ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പരിശോധനയിൽ ആകെ 62,000 രൂപ പിഴയായും ഈടാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്നുവെന്നും, തിയറ്ററുകളിൽ ശുദ്ധജലം സൗജന്യമായി ലഭ്യമാക്കുന്നില്ലെന്നുമുള്ള നിരന്തര ജനകീയ പരാതികളെ തുടർന്നാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ കർശന നിർദേശപ്രകാരം ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്.
മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള വൻകിട തിയറ്ററുകളിലെ കൗണ്ടറുകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുക തുടങ്ങിയ വീഴ്ചകളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. പല തിയറ്ററുകളിലും പുറത്തുനിന്നുള്ള വെള്ളവും ഭക്ഷണവും വിലക്കുമ്പോൾ അകത്ത് വൻ തുകയ്ക്ക് കുടിവെള്ളം വിൽക്കുന്നതായും സംഘം സ്ഥിരീകരിച്ചു. വരുന്ന ദിവസങ്ങളിലും സംസ്ഥാനത്തുടനീളമുള്ള തിയറ്ററുകളിൽ താലൂക്ക്, ജില്ലാ തലങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും, നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












