ഇംഫാൽ: വംശീയ കലാപത്തിന്റെ കനലാറാത്ത മണിപ്പുരിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകവും ക്രൂരതയും. സായുധ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ അറുത്തെടുത്ത തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നാഗാ പൗരസമൂഹ സംഘടന രംഗത്തെത്തി. കാങ്പോക്പി ജില്ലയിലെ മകുയി അഷാങ് ഗ്രാമത്തിൽ ശനിയാഴ്ചയാണ് 52കാരനായ അജിൻബൗ ക്രൂരമായി കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം അജിൻബൗവിന്റെ തല കൈയിലേന്തി നിൽക്കുന്ന സായുധ സംഘത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പ്രദേശത്ത് വലിയ തോതിലുള്ള പ്രകോപനത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ തലയില്ലാത്ത അജിൻബൗവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഞായറാഴ്ച രാത്രി ഇംഫാലിലെ ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (JNIMS) എത്തിച്ചെങ്കിലും ബന്ധുക്കളും നാഗാ സംഘടനകളും ചേർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ തടഞ്ഞു. അറുത്തെടുത്ത തല കണ്ടെടുത്തു നൽകണമെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നുമാണ് ആവശ്യം.
. സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) കരാറിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് ജോയിന്റ് ട്രൈബ്‌സ് കൗൺസിൽ ആരോപിച്ചു. സുരക്ഷയൊരുക്കുന്നതിൽ അധികാരികൾ പൂർണ്ണ പരാജയമാണെന്ന് കുറ്റപ്പെടുത്തിയ സംഘടന, അനുവദിച്ച സമയത്തിനകം തല തിരികെ നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ്‌ത്തീ – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് പുറമെ നാഗാ മേഖലകളിലേക്കും അക്രമങ്ങൾ വ്യാപിക്കുന്നത് മണിപ്പുരിനെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.








