ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് ഇന്ത്യാ മുന്നണി നേതാക്കളും ചേർന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സംയുക്ത ഹർജിയിൽ 14 ഗുരുതര പിഴവുകൾ കണ്ടെത്തി. ഹർജിയിലെ സാങ്കേതിക തകരാറുകളും രേഖകളുടെ അപൂർണ്ണതയും ചൂണ്ടിക്കാണിച്ച കോടതി രജിസ്ട്രി, ഇവ പരിഹരിച്ചാൽ മാത്രമേ ഹർജി വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുകയുള്ളൂ എന്ന് വ്യക്തമാക്കി. കോടതി ഫീസായ 220 രൂപയുടെ കുറവ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രമുഖ പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജിയിൽ തടസ്സമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യാ മുന്നണി നേതാക്കൾ പാർലമെന്റിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് രജിസ്ട്രിയുടെ നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പിയാണ് അധികൃതർ ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന പിഴവ്. കൂടാതെ, സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവുത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ ഒമ്പത് പ്രധാന ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവവും രജിസ്ട്രി എടുത്തുപറഞ്ഞിട്ടുണ്ട്.
ഇതിനുപുറമേ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2025 ജൂൺ 24-ലെ എസ്.ഐ.ആർ സംബന്ധിച്ച തീരുമാനത്തിന്റെയും വോട്ടർമാരെ ഒഴിവാക്കിയത് സംബന്ധിച്ച മറ്റ് രേഖകളുടെയും പെൻഡ്രൈവിലുള്ള ഡിജിറ്റൽ പകർപ്പുകളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.








