അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ കേറ്റി സക്കാറിയയുടെ (Katie Zacharia) കന്നി വാർത്താസമ്മേളനത്തിൽ വൻ അബദ്ധവും അസ്വസ്ഥതയും. ഡൊണാൾഡ് ട്രംപിനെ സ്വന്തം ‘ഭർത്താവ്’ എന്ന് അബദ്ധത്തിൽ വിശേഷിപ്പിച്ച കേറ്റി, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പരിഭ്രാന്തയായി കേവലം 14 മിനിറ്റുകൊണ്ട് വാർത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
വാഷിംഗ്ടണിലെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തിയ 41-കാരിയായ കേറ്റി സക്കാറിയ, ആദ്യ ഘട്ടത്തിൽ ട്രംപിന്റെ ഭരണനേട്ടങ്ങളെ പ്രശംസിച്ച് തയ്യാറാക്കി കൊണ്ടുവന്ന പ്രസ്താവന വായിച്ചു കേൾപ്പിക്കുകയാണ് ചെയ്തത്. എന്നാൽ നാല് കുട്ടികളുടെ അമ്മയായ കേറ്റി, ഇത്രയും ഉത്തരവാദിത്തപ്പെട്ട ജോലി എങ്ങനെയാണ് കുടുംബ ജീവിതത്തോടൊപ്പം മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകവേയാണ് വലിയ അബദ്ധം സംഭവിച്ചത്. ചലച്ചിത്ര നിർമ്മാതാവായ തന്റെ ഭർത്താവ് ടൈലർ സക്കാറിയയെക്കുറിച്ച് പരാമർശിക്കവേ, “എന്റെ പ്രസിഡന്റ്… ഛെ, മാപ്പാക്കണം, എന്റെ ഭർത്താവ് പുറത്തുണ്ട്…” എന്ന് അബദ്ധത്തിൽ പറയുകയായിരുന്നു.
തനിക്ക് പിണഞ്ഞ അബദ്ധം ചിരിച്ചു തള്ളാൻ ശ്രമിച്ചെങ്കിലും, പിന്നീട് ചോദ്യങ്ങൾ നേരിടാൻ ബുദ്ധിമുട്ടിയ കേറ്റി 15 മിനിറ്റ് തികയ്ക്കുന്നതിന് മുൻപ് തന്നെ വാർത്താസമ്മേളനം അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു. മാധ്യമങ്ങൾ കേറ്റിയുടെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചെങ്കിലും, പ്രസിഡന്റ് ട്രംപ് കേറ്റിയെ പിന്തുണച്ച് രംഗത്തെത്തി. കേറ്റി വളരെ മികച്ച രീതിയിലാണ് സംസാരിച്ചതെന്ന് ട്രംപ് പ്രശംസിച്ചു. മുൻ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് രാജിവെച്ചതിനെ തുടർന്നാണ് ട്രംപ് മീഡിയ ഗ്രൂപ്പിലെ കമ്മ്യൂണിക്കേഷൻ അഡ്വൈസറായിരുന്ന കേറ്റിയെ ട്രംപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ചത്. വാർത്താസമ്മേളനത്തിനിടെ കേറ്റിയുടെ അഭിഭാഷക ബിരുദത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് താൻ ബാർ എക്സാം പാസ്സായത് ചൈനയിൽ വെച്ചാണെന്ന് മറുപടി നൽകിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.












