അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെനും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. അഭിജിത് ദിപ്കെയുടെ പ്രസ്ഥാനത്തിന് അമേരിക്കൻ ധനസഹായം ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച മിൽബെൻ, ഈ നീക്കം പരാജയപ്പെടുമെന്നും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഭരണത്തിൽ തിരിച്ചെത്തുമെന്നും മുന്നറിയിപ്പ് നൽകി.
മോദിക്ക് 150 കോടി ഇൻഡ്യൻ ജനങ്ങളുടെ പിന്തുണയുണ്ടെന്നും 25 വർഷമായി അദ്ദേഹം ഭരണരംഗത്ത് തുടരുകയാണെന്നും ഓർമ്മിപ്പിച്ച മിൽബെൻ, വിദേശ ധനസഹായം നൽകുന്നവർ ലക്ഷ്യം കാണാതെ വരുമ്പോൾ ദിപ്കെയെ ഉപേക്ഷിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് ലഭിച്ച വിദ്യാഭ്യാസം രാജ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിച്ച് പ്രധാനമന്ത്രിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും അവർ ഉപദേശിച്ചു.
എന്നാൽ, ഇതിനെതിരെ കടുത്ത ഭാഷയിലാണ് ദിപ്കെ പ്രതികരിച്ചത്. സ്വന്തം നാട്ടുകാരെ അധിക്ഷേപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് അമേരിക്കക്കാരുടെ സഹായം തേടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശികൾക്ക് ആരാണ് അവകാശം നൽകിയതെന്നും സ്വന്തം രാജ്യത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രാപ്തരാണെന്നും ദിപ്കെ വ്യക്തമാക്കി.
വോട്ടർ പട്ടികയുടെ അടിയന്തര പ്രത്യേക പരിഷ്കരണത്തിൽ (SIR) ക്രമക്കേട് ആരോപിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും സി.ജെ.പിയും ന്യൂഡൽഹിയിൽ നടത്തുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ഇരുവർക്കുമിടയിലെ ഈ വാക്പോര് വൻ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുന്നത്.








