അമേരിക്കയിലെ ഇല്ലിനോയിയിൽ ഹിന്ദു ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. പാലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പാപൊരാക്കിസ് (Alexandros Paporakis) എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകം നടത്താനുള്ള നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പാലറ്റൈൻ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാൗണ്ട് പ്രോസ്പെക്ട് പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 11-നാണ് അന്വേഷണം ആരംഭിച്ചത്.
പ്രതി അലക്സാണ്ട്രോസ് ആക്രമണ പദ്ധതിയുടെ വിവരങ്ങളും റൈഫിൾ, മാഗസിനുകൾ, ബോഡി ആർമർ, മറ്റ് ആയുധങ്ങൾ എന്നിവയുടെ ചിത്രങ്ങളും ഇലക്ട്രോണിക് സന്ദേശങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ “വെൈ ഐ ഫോട്ട്: എ കെ എ (ഒറോറ ഷൂട്ടേഴ്സ് മാനിഫെസ്റ്റോ)” എന്ന പേരിൽ വംശീയ വിദ്വേഷം നിറഞ്ഞ രേഖയും തയ്യാറാക്കിയിരുന്നു. ദക്ഷിണേഷ്യൻ, പ്രത്യേകിച്ച് ഇന്ത്യൻ വംശജർക്കെതിരായ തീവ്രവാദ ചിന്താഗതികളും വിദ്വേഷവും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഒക്ടോബർ 11-ന് ഒറോറ പ്രദേശത്തെ ഹിന്ദു ആരാധനാലയത്തിൽ ആക്രമണം നടത്താനായിരുന്നു ഇയാളുടെ നീക്കമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. തുടർന്ന് അധികൃതർ പരിധിയിലുള്ള ക്ഷേത്രങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വീടിനു പുറത്തേക്ക് ഇറങ്ങിയ സമയത്താണ് പോലീസുകാർ അലക്സാണ്ട്രോസിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ വസതിയിൽ നിന്ന് റൈഫിൾ, തടിയുള്ള മാഗസിനുകൾ, നൂറുകണക്കിന് അമൂനിഷൻ, തോക്ക് വെക്കുന്ന ജാക്കറ്റ് തുടങ്ങിയവ കണ്ടെടുത്തു. തീവ്രവാദ ഭീഷണി ഉയർത്തൽ, അനധികൃതമായി ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജഡ്ജി കസ്റ്റഡിയിൽ വിട്ടു.








