പാക് അധീന ജമ്മു കശ്മീരിൽ (പി.ഒ.കെ) നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് ഓഫീസിനെ സമീപിച്ചു. പാകിസ്ഥാൻ സുരക്ഷാ സേന നടത്തുന്ന കൊലപാതകങ്ങൾ, സമരം നയിക്കുന്ന നേതാക്കളുടെ അറസ്റ്റ്, ഇൻ്റർനെറ്റ് സേവനങ്ങൾ നിഷേധിക്കൽ എന്നിവയിൽ വിശദമായ റിപ്പോർട്ട് തയാറാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. യു.എൻ പൊതുസഭയുടെ 81-ാം സമ്മേളനത്തിന്റെ ഭാഗമായി യു.എൻ ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് വോൾക്കർ ടർക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അനുജ് സ്വരൂപ് നിലപാട് വ്യക്തമാക്കിയത്.
ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JKJAAC) നേതൃത്വത്തിൽ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പാകിസ്ഥാൻ നടപടിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. സെലക്റ്റീവ് നിലപാടുകളും ഇരട്ടത്താപ്പും ഉപേക്ഷിച്ച് നിഷ്പക്ഷ അന്വേഷണങ്ങൾക്ക് യു.എൻ തയാറാകണമെന്ന് അനുജ് സ്വരൂപ് ആവശ്യപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾ, വൈദ്യുതി നിരക്ക്, ഗോതമ്പ് സബ്സിഡി, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ ഉയർത്തി മാസങ്ങളായി പാക് അധീന കശ്മീരിൽ വൻ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. സംഘടനയെ പാകിസ്ഥാൻ നിരോധിക്കുകയും പ്രക്ഷോഭകർക്ക് നേരെ അടിച്ചമർത്തൽ തുടരുകയും ചെയ്തതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.
100 ദിവസത്തിലേറെയായി മേഖലയിൽ മൊബൈൽ ഡാറ്റയും ബ്രോഡ്ബാൻഡ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഭീംബർ, മിർപൂർ, മുസഫറാബാദ്, നീലം വാലി, റാവലാകോട്ട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ അടച്ചും പൊതുഗതാഗതം തടസ്സപ്പെടുത്തിയും ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് പ്രക്ഷോഭ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്വയം വിലയിരുത്താൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടത്.








