അരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള മലയാള മനോരമ ദിനപ്പത്രം ഉപേക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. കുട്ടിക്കാലം മുതൽ പത്രം വരുത്തുന്നതിലെ കഷ്ടപ്പാടുകളും സിവിൽ സർവീസ് പരീക്ഷ വിജയം മുതൽ ഗിന്നസ് റെക്കോർഡ് വരെ നേടാൻ പത്രം നൽകിയ പിന്തുണയും അദ്ദേഹം ഓർമ്മിക്കുന്നു.
മോണോടൈപ്പ്, തുടങ്ങി അച്ചടി രംഗത്തെ ചരിത്രപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച അദ്ദേഹം, ഇന്നത്തെ പത്രത്തിന്റെ തലക്കെട്ടുകളിലെ മാറ്റങ്ങളും കച്ചവടരീതികളും ഭാഷാപരമായ വീഴ്ചകളും വായനാനുഭവത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. പരസ്യങ്ങൾക്കായി മാത്രം ആശ്രയിക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ 55 വർഷത്തെ വായനാബന്ധം തുടരണമോ അതോ മാറ്റണോ എന്ന ചിന്തയിലാണ് അദ്ദേഹം.
കുറിപ്പ് വായിക്കാം:
മനോരമദിനപ്പത്രം ഒഴിവാക്കട്ടെ? കഴിഞ്ഞ ഒരു 55 വർഷത്തോളം ഞാൻ ലോകവാർത്തകൾ അറിഞ്ഞിരുന്നത് മനോരമപ്പത്രത്തിലൂടെയായിരുന്നു… ഓർമ്മവച്ചനാൾമുതൽ കാണുന്നതാണ് മനോരമയെ . അതിൽ ആഴ്ചദിവസങ്ങളിലെല്ലാമുള്ള മാൻഡ്രേക്ക് , ജെയിംസ് ബോണ്ട് , പിന്നെ ഞായറാഴ്ചകളിൽ ഉള്ള ഫാൻ്റം എന്നീ കോമിക്ക് സ്ട്രിപ്പുകൾ.
രാഷ്ട്രീയച്ചായ് വുകൾ വാർത്തകളിൽ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്നെങ്കിലും ഈ പത്രത്തിലെ കോളങ്ങൾ ഏറെ ഹൃദ്യവും രസകരവും ആയി വായനസ്സുഖം നൽകിയിരുന്നു . എൻറെവീട്ടിലേക്ക് സൈക്കിൾപോലും വരുവാനുള്ള വഴി ഉണ്ടായിരുന്നില്ല. അതിനാൽ കടാതി ഷാപ്പുംപടിയിലുള്ള ചാക്കോച്ചേട്ടൻറെ കടയിലും പിന്നീട് കുറെ നാൾ കുഞ്ഞൻചേട്ടൻറെ കടയിലും. അതിനും പിന്നീട് പള്ളിയത്തെ പൈലിവല്യപ്പന്റെ കടയിലും ആണ് പത്രക്കാരൻ പൈലി ച്ചേട്ടൻ പത്രം ഇട്ടുകൊണ്ടിരുന്നത്.
എനിക്ക് ഒരഞ്ചുവയസ്സുള്ളപ്പോൾമുതൽ എല്ലാദിവസവും രാവിലെ ഷാപ്പുംപടിയിൽച്ചെന്ന് റോഡുമുറിച്ചുകടന്ന് ചാക്കോച്ചേട്ടൻറെ കടയിൽനിന്ന്, അല്ലെങ്കിൽ മറ്റുള്ള കടകളിൽനിന്ന് പത്ര മെടുത്തുകൊണ്ടുവരുന്നത് എൻറെ പ്രധാനപ്പെട്ട ഒരുത്തരവാദിത്തമായിരുന്നു.
അക്ഷരം കൂട്ടിവായിക്കാനറിഞ്ഞതുമുതൽ ഞാൻ മനോരമപ്പത്രം മുഴുവനും വായിക്കുമായിരുന്നു. മനോരമപ്പത്രത്തിൽനിന്നുകിട്ടിയ പൊതുവിജ്ഞാനവും ലോകവിവരവുംകൊണ്ടുമാത്രം ഞാൻ 1983ൽ സിവിൽസർവീസ് പരീക്ഷയുടെ പ്രിലിമിനറി ആദ്യത്തെ ചാൻസിൽത്തന്നെ വളരെയെളുപ്പം പാസായി. മറ്റു യാതൊരു പത്രമോ മാസികയോ ഞാൻ വായിച്ചിരുന്നില്ല. യാതൊരുവിധ കോച്ചിങ്ങിനോ ട്രെയിനിങ്ങിനോ ഞാൻ പോയിട്ടുമില്ല. മനോരമ മാത്രമാണ് എൻറെ പൊതുവിജ്ഞാനത്തിന്റെ അടിസ്ഥാനം.
എനിക്ക് ഗിന്നസ് ലോക റെക്കോർഡ് കിട്ടിയപ്പോൾ മനോരമയുടെ ഒന്നാം പേജിൽത്തന്നെ വളരെ പ്രധാനപ്പെട്ട വാർത്തയായി അതു കൊടുത്തു മനോരമ. അതിനുശേഷം മനോരമയുടെ സൺഡേ സപ്ലിമെൻറിൽ എൻറെ ലോകറെക്കോർഡിനെക്കുറിച്ച് ഒരു മുഴുവൻ പേജ് കളർ ഫീച്ചറും വന്നു. ഞാൻ 99ൽ സ്പെല്ലിങ് ഷോകൾ നടത്തുന്നതിന് യൂറോപ്പിൽ പോയപ്പോൾ അതുപോലും മനോരമ വാർത്തയാക്കി.
92ലോ മൂന്നിലോ എനിക്ക് ഒരു ഇമെയിൽ ഐഡി കിട്ടിയപ്പോൾ അതു മനോരമയിൽ നാലുകോളം വാർത്തയായിരുന്നു.
പക്ഷേ പിന്നീട് മനോരമ വെറും ടാബ്ലോയിഡ് പത്രമായി അധ:പ്പതിച്ചു . കെട്ടിലും മട്ടിലും മാത്രം ആകർഷണീയമാക്കുക എന്ന കച്ചവടരീതിയിലേക്ക് അതുമാറി.
തല്ലിപ്പൊളി തലക്കെട്ടുകളും ഇക്കിളിവാർത്തകളുമൊക്കെ ഒന്നാം പേജിൽ കൊടുത്തും പ്രാധാന്യമുള്ള പല വാർത്തകളെയും തമസ്കരിച്ചും ഒക്കെ അത് വായനസ്സുഖവും കളഞ്ഞു. എങ്കിലും ക്ലാസിഫൈഡ് അല്ലെങ്കിൽ തരാതരം പരസ്യങ്ങൾ അതായത് വസ്തുവില്പന , തൊഴി ലന്വേഷണം , ബിസിനസ് അവസരങ്ങൾ , വിവാഹപ്പരസ്യങ്ങൾ ഇവയെല്ലാം ഏറ്റവും കൂടുതൽ വരുന്നത് മനോരമയിലായതുകൊണ്ട് ആ പത്രം ആർക്കും വിട്ടുകളയാൻ സാധിക്കാത്ത രീതിയിൽ അവർ നിലനിർത്തിക്കൊണ്ടിരുന്നു.
പണ്ടൊക്കെ വിദ്യാഭ്യാസവും ഭാഷാപരിജ്ഞാനവും ഭാഷാസ്നേഹവും ഒക്കെയുള്ള പത്രാധിപന്മാരും കമ്പോസിറ്റർമാരും ഒക്കെ അക്ഷരപ്പിശകോ വ്യാകരണപ്പിശകോ ഇല്ലാത്ത നല്ലമലയാളം അച്ചടിച്ച് നമ്മെ പഠിപ്പിച്ചു. എന്നാലിന്ന് വ്യാകരണത്തിന്റെ ബാലപാഠം അറിയാത്ത കമ്പോസിറ്റർമാരും എഡിറ്റർമാരും. കൈകൊണ്ട് നിരത്തിക്കൊണ്ടിരുന്ന അച്ചുകൾക്ക് പകരം കേരളത്തിൽ ആദ്യമായി , കമ്പോസിറ്റർ ടൈപ്പ്റൈറ്റർ പോലത്തെ കീബോർഡിൽ വിരൽ അമർത്തുമ്പോൾ ഉരുക്കിയ ഈയം ഓട്ടോമാറ്റിക്കായി അക്ഷരങ്ങളായി തൽക്ഷണം വാർത്തുവരുന്ന മോണോ ടൈപ്പ് , ഓരോവരിവീതം ഓട്ടോമാറ്റിക്കായി വാർത്തുവരുന്ന ലിനോ ടൈപ്പ് മെഷീൻ , ഫാക്സിമിലി (ഫാക്സ് ) സംവിധാനം ഇവയെല്ലാം നടപ്പാക്കിയതും മനോരമയാണ്. (ഇതെല്ലാം ഞാൻ നേരിട്ട് മനോരമ പ്രസ്സിൽ പോയി കണ്ടിട്ടുള്ളതാണ്. ഈ സംഗതികൾ ഒന്നും പത്രം ഇന്നു നടത്തുന്ന വർക്ക് അറിയാമെന്നു തോന്നുന്നില്ല)
പക്ഷെ കുറേ നാളുകളായി..
കുറച്ചുവർഷങ്ങളായി
മനോരമദിനപ്പത്രം ആശയക്കുഴപ്പം ഉണ്ടാക്കുന്നു..








