‘റീൽ നിർമ്മാതാക്കളും’ ‘സ്വതന്ത്ര മാധ്യമപ്രവർത്തകരും’ തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ഇലെക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിലെ പൊലീസിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ നിലപാട് വ്യക്തമാക്കിയത്.
അധിക്ഷേപങ്ങൾ നേരിട്ടതായി വനിതാ മാധ്യമപ്രവർത്തകർ ഉന്നയിച്ച പരാതികൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൈയിലൊരു മൈക്കുമായി കാര്യങ്ങൾ ചിത്രീകരിച്ച് അപ്ലോഡ് ചെയ്യുന്ന നിരവധി പേർ സ്വതന്ത്ര മാധ്യമപ്രവർത്തകർ എന്ന് അവകാശപ്പെടുന്നുണ്ടെന്നും, പ്രതിഷേധ സ്ഥലങ്ങളിൽ പോലും റീൽസ് നിർമ്മാണമാണ് നടക്കുന്നതെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എങ്കിലും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരു സ്ത്രീയും അപമാനിക്കപ്പെടാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുന്നതിലും വനിതാ മാധ്യമപ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നുമുള്ള ആവശ്യങ്ങളിൽ കടുത്ത എതിർപ്പ് കേന്ദ്രം അറിയിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാർ ഉടൻ തന്നെ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.









