കോടതികൾക്ക് സമീപം നടക്കുന്ന പ്രതിഷേധങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒക്ടോബർ 12-ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ സുപ്രീംകോടതി മാർച്ചിന്റെ പശ്ചാത്തലത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷനുമായും മുഖ്യ കമ്മിഷണർ ഗ്യാനേഷ് കുമാറുമായും ബന്ധപ്പെട്ട വിഷയത്തിൽ നേരിട്ട് നിവേദനം നൽകണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിരസിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധ മാർച്ച് നടന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചതും സുപ്രീം കോടതി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കാൻ ഉത്തരവിട്ടതും.
വാദത്തിനിടയിൽ, കോടതിയെ ആർക്കും ഭയപ്പെടുത്താൻ കഴിയില്ലെന്നും ഞങ്ങൾ ദന്തഗോപുരങ്ങളിൽ വസിക്കുന്നവരല്ലെന്നും പുറത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാക്കാൽ വ്യക്തമാക്കി. സുപ്രീം കോടതിക്ക് ഒരു രാഷ്ട്രീയ പ്രകടനം കൈകാര്യം ചെയ്യേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും, ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ വിവാദ പരാമർശം നടത്തിയ കോൺഗ്രസിന്റെ കേരള ഘടകത്തിനെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും നിലവിൽ കോടതിയലക്ഷ്യ നോട്ടീസ് അയക്കാൻ കോടതി തയ്യാറായില്ല. പകരം, മറ്റ് ആവശ്യങ്ങളിൽ എതിർകക്ഷികൾ നൽകുന്ന മറുപടി ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.










