വിൻഡീസിനെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും യുവതാരങ്ങളുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 130 ന് 5 എന്ന നിലയിൽ തകർന്നടിഞ്ഞിരുന്നു. എന്നാൽ തിലക് വർമ്മയും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് നടത്തിയ പ്രതിരോധം ടീമിനെ വിജയപ്രതീക്ഷയിലേക്ക് തിരികെ കൊണ്ടുവന്നു.
19 പന്തിൽ 48 റൺസ് എന്ന നിലയിലേക്ക് മത്സരം മാറിയെങ്കിലും റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ ഓവറിൽ തിലക് പുറത്തായത് വഴിതിരിവായെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷവും സമ്മർദ്ദത്തെ അതിജീവിച്ച് യുവതാരങ്ങൾ വെസ്റ്റ് ഇൻഡീസ് ബോളിങ് നിരയെ നേരിട്ട രീതി അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തിൽ 23 പന്തിൽ 56 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും തോൽവിയിൽ നിരാശയുണ്ടെന്നും, ടീം ജയിക്കുന്ന ഘട്ടത്തിൽ തന്റെ ഇന്നിങ്സ് ഉണ്ടാവണമെന്നായിരുന്നു ആഗ്രഹമെന്നും സഞ്ജു പറഞ്ഞു. ജസ്പ്രീത് ബുംറയ്ക്ക് പകരം വെക്കാൻ മറ്റൊരാളില്ലെന്നും അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭയാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.
എങ്കിലും അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ് തുടങ്ങിയ യുവ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മത്സരത്തിനിടെ ഷോർട്ട് ബോളിൽ പരിക്കേറ്റ അർഷ്ദീപ് സിംഗ് വേഗത്തിൽ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പരമ്പര നിലവിൽ 2-2 എന്ന നിലയിലായതോടെ ശനിയാഴ്ച ബാംഗ്ലൂരിൽ നടക്കുന്ന അവസാന മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്.












