പ്രത്യേക ബൗളർമാർക്ക് പകരം ഓൾറൗണ്ടർമാരെ മാത്രം ആശ്രയിക്കുന്ന നിലവിലെ തന്ത്രവുമായി മുന്നോട്ട് പോയാൽ ഇന്ത്യക്ക് 2028-ലെ ട്വന്റി-20 ലോകകപ്പ് നേടാനാവില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി-20 പോരാട്ടത്തിൽ 24 റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ടീം മാനേജ്മെന്റിന്റെ കോമ്പിനേഷനെ വിമർശിച്ച് കൈഫ് രംഗത്തെത്തിയത്.
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തി നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ തുടങ്ങിയ ഓൾറൗണ്ടർമാർക്കാണ് ഇന്ത്യ പന്തെറിയാൻ അവസരം നൽകിയത്. ഇവരുവരും ചേർന്ന് എറിഞ്ഞ നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 58 റൺസാണ് വിട്ടുനൽകിയത്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരുടെ അഭാവത്തിൽ കളിക്കുന്ന രണ്ടാം നിര ബോളിങ് നിരയ്ക്ക് അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി 708 റൺസാണ് വഴങ്ങേണ്ടി വന്നത്.
കേവലം മോശം ബോളിങ് കാരണമാണ് ഇന്ത്യ നാലാം മത്സരത്തിൽ തോറ്റതെന്നും, ഓൾറൗണ്ടർമാരെ വിശ്വസിച്ച് ബോളിങ് നിര ഇറക്കുന്ന രീതി മാറ്റണമെന്നും കൈഫ് ചൂണ്ടിക്കാട്ടി. അഞ്ച് മത്സരങ്ങളുള്ള പരമ്പരകളിൽ ബാറ്റർമാർക്ക് പുറമെ ബൗളർമാരും ജയം നേടിത്തരേണ്ടതുണ്ടെന്നും എന്നാൽ ഇവിടെ അത് സംഭവിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












