തലസ്ഥാന നഗരിയിലെ കൊണാട്ട് പ്ലേസിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകി. ജന്തർ മന്തറിൽ ദേശീയ പതാകയുയർത്തിയതിന് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാൻ ദിപ്കെ ആഹ്വാനം ചെയ്തത്. എന്നാൽ, ബി.എൻ.എസ്.എസ് 163-ാം വകുപ്പ് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് ദിപ്കെയുടെ വസതിയിലെത്തി മാർച്ച് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക മുന്നറിയിപ്പ് കൈമാറിയത്.
വ്യാപാര മേഖലകളിലെ തടസ്സങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് പ്രാദേശിക വ്യാപാരികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. ക്രമസമാധാനം പാലിക്കാൻ മുൻകരുതലായി സെൻട്രൽ പാർക്കും അതിനുചുറ്റുമുള്ള മേഖലകളും അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയും നഗരത്തിൽ നൂറിലധികം സി.സി.ടി.വി ക്യാമറകളും വൻ പോലീസ് സന്നാഹവും ഏർപ്പെടുത്തുകയും ചെയ്തു. ദേശീയ പതാക കൈയിലേന്തുന്നത് കുറ്റകരമല്ലെന്ന് പോലീസ് അംഗീകരിച്ചെങ്കിലും, അനുമതിയില്ലാതെ ആളുകളെ തടിച്ചുകൂട്ടി മാർച്ച് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കുകയുണ്ടായി.
പോലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ അവഗണിച്ച് നഗരമധ്യത്തിൽ ജനങ്ങളെ സംഘടിപ്പിക്കാനും നിയമവാഴ്ചയെ വെല്ലുവിളിക്കാനും ദിപ്കെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയാണ്. അനുമതിയില്ലാത്ത ഇത്തരം പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്തെ ഗതാഗതക്കുരുക്കിലേക്കും സുരക്ഷാ ഭീഷണിയിലേക്കും നയിക്കുമെന്നതിനാൽ പോലീസ് സുരക്ഷ കടുപ്പിച്ചിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ ശ്രമിച്ചാൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.











