അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇപ്പോഴത്തെ വരുമാന വിഭജന രീതിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ക്രിസ് ഡെഹ്റിംഗ്. ഇന്ത്യയ്ക്കെതിരെ ക്രിക്കറ്റ് പരമ്പരകൾ കളിക്കുമ്പോൾ കോടികളുടെ വാണിജ്യ മൂല്യവും വരുമാനവും ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ യാതൊരു വിഹിതവും വെസ്റ്റ് ഇൻഡീസിന് ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ നടക്കുന്ന ഒരു പരമ്പരയിലൂടെ 20 മുതൽ 30 മില്യൺ ഡോളർ വരെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സന്ദർശക ടീം എന്ന നിലയിൽ വെസ്റ്റ് ഇൻഡീസിന് ഒന്നുമേ ലഭിക്കുന്നില്ലെന്നും ഇത് ലോക ക്രിക്കറ്റിലെ തന്നെ വലിയ അനീതിയാണെന്നും വിസ്ഡൻ ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ ഡെഹ്റിംഗ് വ്യക്തമാക്കി. 1997-ൽ ഐസിസി അംഗ രാജ്യങ്ങൾ ചേർന്ന് പാസാക്കിയ പുതിയ സാമ്പത്തിക നയമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് വിദേശ പര്യടനങ്ങൾ നടത്തുമ്പോൾ സന്ദർശക ടീമുകൾക്ക് വലിയ ടൂർ ഫീസും ടിവി സംപ്രേക്ഷണ വരുമാനത്തിന്റെ വിഹിതവും ലഭിച്ചിരുന്നുവെന്നും, അത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ നിലനിൽപ്പിന് വലിയ തണലായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
എന്നാൽ ടെലിവിഷൻ സംപ്രേക്ഷണ അവകാശത്തിന്റെ മൂല്യം കൂടിയതോടെ, അതത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ ആഭ്യന്തര വിപണിയിൽ നിന്നുള്ള എല്ലാ വരുമാനവും സ്വന്തമായി കൈവശം വെക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡെഹ്റിംഗ് ആരോപിച്ചു. 150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾക്ക് കോടികളുടെ വരുമാനം സ്വന്തമാക്കാൻ സാധിക്കുമ്പോൾ, വലിപ്പത്തിൽ വളരെ ചെറിയ ദ്വീപ് സമൂഹങ്ങളായ ആന്റിഗ്വ, സെന്റ് കിറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലെ വളരെ കുറഞ്ഞ ജനസംഖ്യയിൽ നിന്ന് മാത്രം വരുമാനം കണ്ടെത്താൻ വെസ്റ്റ് ഇൻഡീസ് നിർബന്ധിതരാകുകയാണ്. വെസ്റ്റ് ഇൻഡീസിന് വലിയ വരുമാനം നൽകിയിരുന്ന പഴയ സാമ്പത്തിക മാതൃക മാറ്റാനുള്ള തീരുമാനത്തെ അന്ന് 9-1 എന്ന ഭൂരിപക്ഷത്തിലാണ് ഐസിസി അംഗങ്ങൾ പാസാക്കിയത്.
അന്ന് തന്നെ ഈ തീരുമാനം വിൻഡീസ് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം, എണ്ണ, മറ്റ് വിദേശ വരുമാനങ്ങൾ എന്നിവയെ ആശ്രയിച്ച് ജീവിക്കുന്ന കരീബിയൻ സാമ്പത്തിക വ്യവസ്ഥയിൽ, ക്രിക്കറ്റിലും വിദേശത്തു നിന്നുള്ള വരുമാനം നിലച്ചത് വിൻഡീസ് ക്രിക്കറ്റിന് വലിയ തിരിച്ചടിയായെന്ന് ഡെഹ്റിംഗ് കൂട്ടിച്ചേർത്തു.











