കൊച്ചി: നിലവിലെ സാമ്പത്തിക-രാഷ്ട്രീയ പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില എക്കാലത്തെയും ഉയർന്ന പുതിയ റെക്കോർഡിലേക്ക് കുതിക്കുമെന്ന് റിപ്പോർട്ട്. ട്രോയ് അസറ്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള ആഗോള നിക്ഷേപ സ്ഥാപനങ്ങളിലെ ഫണ്ട് മാനേജർമാരുടെ പ്രവചനപ്രകാരം അടുത്ത 12 മുതൽ 24 മാസത്തിനുള്ളിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,500 ഡോളറും കടന്ന് 6,000 ഡോളർ വരെ ഉയർന്നേക്കാം. കഴിഞ്ഞ ജനുവരിയിൽ കുറിച്ച 5,120 ഡോളറാണ് നിലവിലെ ഉയർന്ന റെക്കോർഡ്.
ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ, പണപ്പെരുപ്പ ഭീഷണി എന്നിവയാണ് സ്വർണത്തിന് പ്രിയമേറ്റുന്നത്. ഓഹരി, കറൻസി, കടപ്പത്ര വിപണികളിൽ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഇന്ത്യയുടെ റിസർവ് ബാങ്ക് (ആർ.ബി.ഐ) ഉൾപ്പെടെയുള്ള ആഗോള കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലവർധനവിന് പ്രധാന കാരണമാകുന്നു.
അതേസമയം, കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,060 രൂപയിലും വെള്ളി വില ഗ്രാമിന് 230 രൂപയിലുമാണ്. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,142 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് 4,184 ഡോളറിലേക്ക് തിരിച്ചു കയറിയിരുന്നു. എന്നിരുന്നാലും പ്രാദേശിക വിപണിയിൽ ഇന്ന് നിരക്ക് പരിഷ്കരിക്കേണ്ടതില്ലെന്നാണ് വ്യാപാരികൾ തീരുമാനിച്ചത്. ആഗോളതലത്തിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കേരളത്തിലും സ്വർണവിലയിൽ വൻ വർധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











