റിയാദ്: മക്ക പള്ളിയിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കേസിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. ബംഗ്ലാദേശ് സ്വദേശികളായ നസറുൽ ഇസ്ലാം അബ്ദുൽ ബഷീർ, സിതി അക്തർ എന്നിവരുടെ വധശിക്ഷയാണ് മക്ക റീജ്യനിൽ വച്ച് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസിയാണ് (എസ്.പി.എ) ഇക്കാര്യം പുറത്തുവിട്ടത്.
വിശുദ്ധ ആരാധനാലയത്തിൻ്റെ പരിപാവനത ലംഘിച്ച് ഇരുവരും അനുചിതമായ പ്രവൃത്തിയിലേർപ്പെട്ടതിന് പിന്നാലെ സൗദി സുരക്ഷാ വിഭാഗം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ ഇവർക്കെതിരെ കൃത്യമായ കുറ്റപത്രം സമർപ്പിച്ചു. വിചാരണക്കോടതിയിൽ കുറ്റം തെളിഞ്ഞതോടെ ഇസ്ലാമിക നിയമപ്രകാരമുള്ള ‘തഅ്സീർ’ (കോടതിയുടെ വിവേചനാധികാരത്തിലുള്ള കഠിനശിക്ഷ) പ്രകാരം ഇരുവർക്കും വധശിക്ഷ വിധിക്കുകയായിരുന്നു. പ്രവൃത്തി നടന്ന സ്ഥലത്തിൻ്റെയും സമയത്തിൻ്റെയും പരിശുദ്ധി ലംഘിച്ചതും കുറ്റകൃത്യത്തിൻ്റെ ഗൗരവവും കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കൗൺസിലും വധശിക്ഷ ശരിവെച്ചതിനെ തുടർന്ന് റോയൽ കോർട്ടിൻ്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ശിക്ഷ നടപ്പാക്കിയത്.
അതേസമയം, തങ്ങളുടെ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയ വിവരം സൗദി ഭരണകൂടം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് വ്യക്തമാക്കി. വധശിക്ഷ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആവശ്യപ്പെട്ട് സൗദി വിദേശകാര്യ മന്ത്രാലയത്തിന് നയതന്ത്ര കുറിപ്പ് (നോട്ട് വെർബാൽ) കൈമാറിയിട്ടുണ്ടെന്ന് കോൺസുലേറ്റ് വൃത്തങ്ങൾ ബംഗ്ലാദേശ് ദിനപത്രമായ ‘ദി ഡെയ്ലി സ്റ്റാറി’നോട് പറഞ്ഞു.
ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിലും നിയമവാഴ്ച ഉറപ്പാക്കുന്നതിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിശുദ്ധ മണ്ണിൽ സമാനമായ അതിക്രമങ്ങൾക്ക് മുതിരുന്ന ആർക്കെതിരെയും കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.












