ജനീവ: ലോകത്തെ മൂന്നിലൊന്ന് കുട്ടികൾ ഗുരുതരമായ ലെഡ് വിഷ ബാധ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ലെഡ് സമ്പർക്കം നിശബ്ദമായി തകരാറിലാക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസം, ഓർമ്മശക്തി, ശ്രദ്ധ, പഠനശേഷി, പെരുമാറ്റം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം ഉയർന്ന അളവിലുള്ള സമ്പർക്കം മസ്തിഷ്ക ക്ഷതത്തിനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണം ആയേക്കാം. ചില സാഹചര്യങ്ങളിൽ ഇത് കോമയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഗർഭിണികളിലെ ലെഡ് സമ്പർക്കം ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസത്തെയും സാരമായി ബാധിക്കാറുണ്ട്.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ, പെയിന്റുകൾ, ഗുണനിലവാരമില്ലാത്ത പാത്രങ്ങൾ, മലിനമായ കുടിവെള്ള പൈപ്പുകൾ, ബാറ്ററികൾ, ചിലയിനം സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിലൂടെയൊക്കെ ലെഡ് മനുഷ്യശരീരത്തിൽ എത്താറുണ്ട്. വായുവിലൂടെയും ഭക്ഷണത്തിലൂടെയും എത്തുന്ന ലെഡിനെ മുതിർന്നവരേക്കാൾ വേഗത്തിലാണ് കുട്ടികളുടെ ശരീരം ആഗിരണം ചെയ്യുന്നത്. യൂണിസെഫ്, നീതി ആയോഗ് എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം ലെഡ് വിഷബാധ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്.
ഈ ഗുരുതരമായ അവസ്ഥ പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സാങ്കേതിക പാക്കേജും ആഗോള കർമ്മപദ്ധതിയും വരാനിരിക്കുന്ന വർഷങ്ങളിൽ അവതരിപ്പിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. കുട്ടികൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലെ ലെഡിന്റെ അളവ് കർശനമായി നിയന്ത്രിക്കണമെന്നും ഇതിനെതിരെ വ്യാപകമായ ബോധവൽക്കരണം വേണമെന്നും ഡബ്ല്യു.എച്ച്.ഒ ആഹ്വാനം ചെയ്തു.












