മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് (യു.ബി.ടി) കനത്ത തിരിച്ചടിയേകി പ്രമുഖ ദേശീയ വക്താവും ആദിത്യ താക്കറെയുടെ അടുത്ത അനുയായിയുമായ ആനന്ദ് ദുബെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും വക്താവ് പദവിയും രാജി വെച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഷിൻഡെ വിഭാഗത്തിലേക്ക് എത്തിയത്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് ആനന്ദ് ദുബെ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.
പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളും ആശയപരമായ വ്യതിയാനങ്ങളുമാണ് താൻ രാജിവെക്കാൻ കാരണമെന്ന് ആനന്ദ് ദുബെ വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ചില നേതാക്കളുടെ സമീപനം കാരണം സഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാളാസാഹെബ് താക്കറെയുടെ യഥാർത്ഥ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്നത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പുതിയ രാഷ്ട്രീയ വഴി തിരഞ്ഞെടുത്തത്.
ഈ രാഷ്ട്രീയ മാറ്റം ഉദ്ദവ് താക്കറെ വിഭാഗത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആനന്ദ് ദുബെയുടെ വരവ് പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന് ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ഷിൻഡെ പക്ഷത്തേക്ക് എത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.










