തലസ്ഥാന നഗരമായ ഡൽഹിയിൽ സംഘടിപ്പിച്ച ‘ലഹരാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന് എതിരെ പോലീസ് നടപടി കടുപ്പിച്ചു. കരുതല് തടങ്കലിലാക്കിയ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ അതിർത്തിയിലുള്ള ജാഫർപൂർ കലാൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഝാന്ദേവാലാനിലെ വസതിയിൽ നിന്ന് കൊണാട്ട് പ്ലേസിലേക്ക് പുറപ്പെടാൻ ശ്രമിക്കവെയാണ് പോലീസുകാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വിലക്കുകൾ അവഗണിച്ച് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുചേർന്ന് പ്രതിഷേധിച്ച നൂറ്റൻപതിലധികം പേരെ ഇതുവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊണാട്ട് പ്ലേസ്, മണ്ഡി ഹൗസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ബി.എൻ.എസ്.എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. വിലക്കുകൾ നിലനിൽക്കുമ്പോഴും ദേശീയ പതാകയേന്തി തെരുവിലിറങ്ങിയ വിദ്യാർത്ഥി നേതാവ് നേഹ ബോറ അടക്കമുള്ളവരെയും പോലീസ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്തറിൽ വെച്ച് മുൻപ് അറസ്റ്റിലായ സി.ജെ.പി നേതാക്കളുടെ മോചനവും വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ തലസ്ഥാനത്ത് ഒന്നിച്ചു പ്രതിഷേധിച്ചത്
സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യവും നഗരത്തിലെ സമാധാനാന്തരീക്ഷവും ഉറപ്പാക്കുന്നതിനാണ് പ്രതിഷേധക്കാരെ നീക്കിയതെന്ന് അധികൃതർ അറിയിച്ചു. മേഖലയിൽ സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (ആർ.എ.എഫ്) ആറായിരത്തോളം സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. പോലീസിന്റെ കർശന നിയന്ത്രണങ്ങളും കസ്റ്റഡി നടപടികളും നിലനിൽക്കുമ്പോഴും നഗരത്തിന്റെ പല ഭാഗങ്ങളിലും മിന്നൽ പ്രതിഷേധങ്ങൾ തുടരുകയാണ്.








