ഡൽഹിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായി മുംബൈ ആസാദ് മൈതാനത്ത് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ലഹരാ ദോ തിരംഗ’ റാലിയിൽ ആളില്ലാതെ വന്നതോടെ പരിപാടി പൂർണ്ണമായി പരാജയപ്പെട്ടു. ഡൽഹിയിൽ ജന്തർ മന്തറിൽ വെച്ച് അറസ്റ്റിലായ സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ചും ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് സി.ജെ.പി മുംബൈയിൽ ഒത്തുകൂടാൻ ആഹ്വാനം ചെയ്തത്. എന്നാൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ റാലി നടത്താൻ മുംബൈ പോലീസ് ഔദ്യോഗിക അനുമതി നൽകിയിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് മൈതാനത്തേക്ക് എത്തിയത്.
രാവിലെ പത്ത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടിയിൽ ആദ്യ മണിക്കൂറുകളിൽ സംഘാടകരും സന്നദ്ധ പ്രവർത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് ഏതാനും പേർ എത്തിത്തുടങ്ങിയതെങ്കിലും ഏതാണ്ട് അമ്പതോളം ആളുകൾ മാത്രമാണ് പരിപാടിക്ക് എത്തിച്ചേർന്നത്. സി.ജെ.പിയുടെ മുംബൈ കോർഡിനേറ്ററായ പ്രണവ് അഹിരെ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യമില്ലാതിരുന്നതും പ്രതിഷേധ റാലിയുടെ പങ്കാളിത്തത്തെ കാര്യമായി ബാധിച്ചു.
ഡൽഹിയിൽ ദേശീയ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതും വ്യാപക അറസ്റ്റ് നടന്നതും മുൻനിർത്തി കനത്ത പോലീസ് സുരക്ഷയാണ് ആസാദ് മൈതാനത്ത് മുംബൈ പോലീസ് ഏർപ്പെടുത്തിയിരുന്നത്. എങ്കിലും യാതൊരുവിധ അനിഷ്ട സംഭവങ്ങളോ സംഘർഷങ്ങളോ ഇല്ലാതെ മൈതാനത്തിനുള്ളിൽ മാത്രമായി പ്രതിഷേധം ഒതുങ്ങി. വൈകുന്നേരം അഞ്ച് മണിയോടെ പങ്കെടുത്ത ചുരുക്കം ചില ആളുകളും പിരിഞ്ഞുപോയതോടെ വൻ പങ്കാളിത്തം പ്രതീക്ഷിച്ച സി.ജെ.പിയുടെ മുംബൈയിലെ തിരംഗ മാർച്ച് തികച്ചും വിഫലമായി അവസാനിക്കുകയായിരുന്നു.








