ന്യൂഡൽഹി: ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും സാധാരണക്കാരായ യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ വിമാനക്കമ്പനികൾ നടത്തുന്ന അമിത നിരക്ക് ഈടാക്കലിന് ഒടുവിൽ അറുതിയാകുന്നു. വിമാന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖകൾക്ക് ഭരണപരമായ അനുമതി ലഭിച്ചതായും രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം പുറത്തിറക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന്, വിമാനക്കമ്പനികൾക്കായി തയ്യാറാക്കിയ അന്തിമ ചട്ടങ്ങൾ നവംബർ 16-ന് മുൻപായി കോടതിക്ക് മുന്നിൽ സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് കർശന നിർദ്ദേശം നൽകി.
സാമൂഹിക പ്രവർത്തകനായ എസ്.എൽ. ലക്ഷ്മിനാരായണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക ഇടപെടൽ. മുൻപ് വ്യോമയാന മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ വകവയ്ക്കാതെ തോന്നുംപടി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികളുടെ രീതിക്കെതിരെ കോടതി നേരത്തെ കടുത്ത അതൃപ്തി വ്യക്തമാക്കിയിരുന്നു. വിമാന ടിക്കറ്റിലെ കൃത്രിമ വർദ്ധനവും അമിത നിരക്കും തടയുക, നിരക്ക് നിർണ്ണയത്തിൽ സുതാര്യത കൊണ്ടുവരിക, ബാഗേജ് ചാർജുകളിലെ തട്ടിപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ നിയമാവലി കൊണ്ടുവരുന്നത്.
ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ പ്രധാന ആഘോഷവേളകളിലും വേനലവധിക്കാലത്തും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും താങ്ങാനാവാത്ത തുകയാണ് എയർലൈനുകൾ ഈടാക്കിയിരുന്നത്. വിമാനക്കമ്പനികളുടെ ഈ കുത്തക കൊള്ളയ്ക്ക് കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ കനത്ത തിരിച്ചടിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നവംബർ 16-ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ യാത്രാനിരക്കുകളിൽ എത്രത്തോളം ആശ്വാസം പകരുമെന്ന് വ്യക്തമാകും.










