മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ ഇടതുവിദ്യാർഥി സംഘടനയായ ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകിയതിനെച്ചൊല്ലി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ. ഭാരവാഹികൾക്കിടയിൽ കടുത്ത അമർഷം. പ്രതിഷേധത്തിൽ എൻ.എസ്.യു.ഐ പ്രവർത്തകർ വ്യാപകമായി പങ്കെടിത്തിട്ടും മറ്റ് സംഘടനകളിലെ നേതാക്കൾക്ക് രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കൾ അനാവശ്യ വേദി ഒരുക്കി നൽകുന്നുവെന്ന വിലയിരുത്തലിലാണ് ഭാരവാഹികളുടെ പ്രതിഷേധം
ഇതിൽ പ്രതിഷേധിച്ച് എൻ.എസ്.യു.ഐയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ‘വീ ദ ഛോട്ടു’ എന്ന് മാറ്റി.സുപ്രീം കോടതി മാർച്ചിലും തുടർന്നു നടന്ന സമരപരിപാടികളിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം മുൻനിരയിൽ നിലയുറപ്പിച്ചതും നേതാക്കളുടെ ബസിലും ട്രക്കിലും ഇടംനേടിയതും നേഹ ബോറയായിരുന്നു. തങ്ങൾ കഷ്ടപ്പെട്ട് ആളുകളെ കൂട്ടി പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ മറ്റ് സംഘടനകളിലെ നേതാക്കളെ നായികമാരായി ഉയർത്തിക്കാട്ടുന്നതിൽ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. നേഹ ബോറ രാഹുൽ ഗാന്ധിയെ സന്ദർശിച്ചതും പിന്നീട് സംയുക്ത വാർത്താസമ്മേളനം നടത്തിയതും എൻ.എസ്.യു.ഐ പ്രവർത്തകർക്കിടയിൽ കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി.
മാർച്ചിനുശേഷം എൻ.എസ്.യു.ഐയുടെ ‘ഡൽഹി കോഓർഡിനേഷൻ’ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പരസ്യമായി ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. തങ്ങൾ വെറും ജനക്കൂട്ടത്തെ കൂട്ടാൻ മാത്രമുള്ളവരാണോ എന്നും, അധ്വാനിച്ചുണ്ടാക്കിയ ജനക്കൂട്ടത്തിന് മുന്നിൽ മറ്റൊരു സംഘടനയിലെ നേതാവ് പ്രമുഖയായി നിൽക്കുന്നതിൽ അപമാനമുണ്ടെന്നും പ്രവർത്തകർ തുറന്നടിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന സൽക്കാരത്തിലും അതിനുശേഷമുള്ള വാർത്താസമ്മേളനത്തിലും നേഹ ബോറ പങ്കെടുത്ത് സംസാരിച്ചു. ഈ സൽക്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭീജിത് ദീപ്കെയെയും ക്ഷണിച്ചിരുന്നെങ്കിലും ഡൽഹിക്ക് പുറത്തായതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. തുടർച്ചയായി നേഹ ബോറ രാഹുലിനൊപ്പം വേദി പങ്കിടുന്നത് കണ്ടതോടെ എൻ.എസ്.യു.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലെ പ്രതിഷേധം രൂക്ഷമായി.അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതിനെ തുടർന്ന് സമരം ചെയ്ത യുവജന പ്രവർത്തകരെ ശാന്തരാക്കാൻ രാഹുൽ ഗാന്ധിയുമായി പ്രത്യേക യോഗം സംഘടിപ്പിച്ചു.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പരാതികൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്ത ശേഷമാണ് എൻ.എസ്.യു.ഐ പ്രവർത്തകർ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയപടിയാക്കിയത്. യുവജന വിഭാഗം കോർഡിനേറ്റർ കനയ്യ കുമാർ, പ്രസിഡന്റ് വിനോദ് ജാഖർ എന്നിവരടങ്ങിയ ഔദ്യോഗിക ഗ്രൂപ്പാണ് മൂന്ന് ദിവസത്തോളം ‘വീ ദ ഛോട്ടു’ എന്ന പേരിൽ പ്രതിഷേധ സൂചകമായി നിലനിർത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചതോടെ നിലവിൽ എൻ.എസ്.യു.ഐ ഭാരവാഹികളുടെ അമർഷം ശമിച്ചതായാണ് വിവരം.










