ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് എഫ്.സെഡ് 1073 വിമാനത്തിൽ അരങ്ങേറിയത് സിനിമകളെ പോലും വെല്ലുന്ന ഭീതിജനകമായ സംഭവങ്ങളാണ്. യാത്രമധ്യേ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി എന്ന ഭീകരൻ വിമാനം റാഞ്ചാൻ ശ്രമിക്കുകയും കോക്ക്പിറ്റിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രധാന പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെ ആയിരുന്നു ലോകം കേട്ടത്. ഇപ്പോൾ ആദ്യമായി ഈ സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ. സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അന്ന് നേരിടേണ്ടി വന്ന അനുഭവങ്ങൾ വിശദീകരിച്ചു.
ബോധം നിലനിർത്താൻ പാടുപെടുകയും താൻ അതിജീവിക്കുമോ എന്ന് സംശയിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയും തന്റെ മനസ്സിൽ ഭാരമായി മാറിയിരുന്നെന്ന് ക്യാപ്റ്റൻ സൂചിപ്പിച്ചു. കോക്പിറ്റിന്റെ വാതിൽ തുറന്ന ഉടൻതന്നെ ആളുകളുടെ ശക്തമായ നിലവിളിയായിരുന്നു കേട്ടത് എന്നും അദ്ദേഹം ഓർത്തെടുത്തു.
വളരെ വ്യത്യസ്തമായ രീതികളിൽ പ്രതികരിച്ച രണ്ട് സഹ പൈലറ്റുമാരെയും അദ്ദേഹം ഓർത്തു, ഒരാൾ പ്രാർത്ഥനയിലേക്ക് തിരിഞ്ഞു, മറ്റൊരാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു എന്നും അദ്ദേഹം വിശദീകരിച്ചു. അത്തരമൊരു നിർണായക സാഹചര്യത്തിൽ ഒട്ടും മടിച്ചു നിൽക്കാതെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സഹപ്രവർത്തകനായ പൈലറ്റിനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ക്യാപ്റ്റൻ സ്മിത് വ്യക്തമാക്കി.








