കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ചിട്ടില്ലെന്നും കള്ളക്കേസുകൾ ഉണ്ടാക്കി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകർക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ അന്യായമായി ക്രൂശിച്ച മുൻ സർക്കാരിന്റെ നിലപാടുകളെക്കുറിച്ച് ചാണ്ടി ഉമ്മൻ തുറന്നടിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ചില്ല എന്ന് കരുതി മറ്റൊരു നേതാവിനെ വേട്ടയാടുന്നത് ശരിയല്ലെന്നും, പകപോക്കലുകൾ കോൺഗ്രസിന്റെ ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനെതിരായ കേസ് നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ഇഡി പലയിടങ്ങളിലും രാഷ്ട്രീയമായ വേട്ടയാടൽ നടത്തുന്നുണ്ടെന്നും എന്നാൽ പിണറായി വിജയനെതിരെ അത്തരമൊരു നീക്കം ഉണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടതിയിൽ അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നില്ലെന്നും, പറയേണ്ട കാര്യങ്ങൾ പാർട്ടിക്ക് അകത്ത് കൃത്യമായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലരും കേസുകൾ സെറ്റിൽ ചെയ്യുന്നു എന്ന തരത്തിൽ ആക്ഷേപങ്ങൾ ഉയരുമ്പോൾ കൂടുതൽ സത്വരമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും, അല്ലാത്തപക്ഷം ഇത്തരം ആരോപണങ്ങൾ നേരിടുന്നതിൽ നേതാക്കൾക്ക് പ്രതിസന്ധിയുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.










