മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭാ മണ്ഡലത്തിൽപ്പെട്ട പറവൂർ കൈതാരത്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി മനഃപൂർവം വൈദ്യുതി തടസ്സം സൃഷ്ടിച്ച കേസിലെ പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൈതാരം സ്വദേശിയായ കളത്തിപ്പറമ്പിൽ വിഷ്ണുവിനെയാണ് മഹാരാഷ്ട്രയിലെ പുണെയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം പുണെയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംസ്ഥാനത്ത് മുൻപ് വൈദ്യുതി പ്രതിസന്ധികൾ നിലനിന്നിരുന്ന കാലത്താണ് പറവൂരും സമീപ പ്രദേശങ്ങളിലും വ്യാപകമായി ട്രാൻസ്ഫോർമറുകളിൽ നിന്ന് രാത്രികാലങ്ങളിൽ ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗികമായി കെ.എസ്.ഇ.ബി ലോഡ് ഷെഡ്ഡിംഗോ പവർകട്ടോ ഏർപ്പെടുത്താത്ത സമയങ്ങളിൽ പോലും പ്രദേശം മണിക്കൂറുകളോളം ഇരുട്ടിലാകുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അജ്ഞാതർ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരി മാറ്റുന്നതായി കണ്ടെത്തിയത്.
ഇതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ജനങ്ങളെ ദുരിതത്തിലാക്കാനും സർക്കാരിനും കെ.എസ്.ഇ.ബിക്കുമെതിരെ പൊതുജനരോഷം ഉണ്ടാക്കാനും ലക്ഷ്യമിട്ട് സ്ഥാപിത താല്പര്യക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് മുൻപ് ജനപ്രതിനിധികൾ ഉൾപ്പെടെ ആരോപിച്ചിരുന്നു. നാട്ടുകാരെ ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണോ ഇയാൾ ഇത് ചെയ്തത്, അതോ ഇതിന് പിന്നിൽ മറ്റ് കൃത്യമായ ഗൂഢാലോചനകളോ മറ്റാരുടെയെങ്കിലും പ്രേരണയോ ഉണ്ടോ എന്ന കാര്യം വ്യക്തമാകാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്.











