കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ-എക്‌സാലോജിക് മാസപ്പടി കള്ളപ്പണ കേസിൽ വിദേശ ബന്ധങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു. കേസിൽ കള്ളപ്പണ ഇടപാടുകളും ഹവാല മാർഗ്ഗത്തിലൂടെയുള്ള വിദേശ ഫണ്ട് കൈമാറ്റവും നടന്നിട്ടുണ്ടെന്ന സംശയത്തിൽ ദുബായിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി നീക്കം തുടങ്ങി. ഇതിനായി വിദേശ ഏജൻസികളോട് വിവരങ്ങൾ ഔദ്യോഗികമായി തേടാൻ സഹായിക്കുന്ന കേസ് രേഖയായ ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ (Letters Rogatory) കൊച്ചി പി.എം.എൽ.എ കോടതിയുടെ അനുമതിയോടെ കൈമാറാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് അയച്ച പണമിടപാടുകളുടെയും വിദേശ അക്കൗണ്ടുകളുടെയും സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ദുബായിലെ ബന്ധപ്പെട്ട ഏജൻസികളോട് ഇ.ഡി ആവശ്യപ്പെടും. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കളുമായി ചേർന്ന് ഹവാല മാർഗ്ഗത്തിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
കേസുമായി ബന്ധപ്പെട്ട് ടി. വീണയിൽ നിന്ന് നേരത്തെ പിടിച്ചെടുത്ത ഡയറിക്കുറിപ്പുകളിലും ഹാൻഡ് റിട്ടൺ ലെഡ്ജറുകളിലും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി അവകാശപ്പെടുന്നു. യാതൊരുവിധ ഐ.ടി സേവനങ്ങളും നൽകാതെയാണ് സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടിയായി തുക നൽകിയതെന്ന കണ്ടെത്തലിന് പിന്നാലെ രൂപീകരിച്ച സമാന്തര വിദേശ കള്ളപ്പണ ശൃംഖലയെക്കുറിച്ച് വ്യക്തത വരുത്താൻ ദുബായിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാകും. വരും ദിവസങ്ങളിൽ കോടതി അനുമതി ലഭിക്കുന്നതോടെ ദുബായിലേക്ക് ഔദ്യോഗിക വിവരശേഖരണത്തിനുള്ള ലെറ്റർ റോഗറ്റോറി അയക്കുകയും അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.












