തിരുവനന്തപുരം: ഉറപ്പുള്ള ആദായവും പൂർണ്ണ സുരക്ഷിതത്വവും ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളുടെയും പ്രധാന നിക്ഷേപ മാർഗ്ഗമാണ് ബാങ്കുകളിലെ ഫിക്സഡ് ഡെപ്പോസിറ്റുകൾ (FD). എന്നാൽ കാലാവധി പൂർത്തിയായ ശേഷവും എഫ്.ഡി തുക പുതുക്കാതെയോ പിൻവലിക്കാതെയോ ബാങ്കിൽ വെറുതെയിട്ടാൽ സാമ്പത്തിക ലാഭത്തിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജോലി മാറ്റം, വിലാസമോ ഫോൺ നമ്പറോ അപ്ഡേറ്റ് ചെയ്യാൻ മറന്നുപോകുന്നത്, അല്ലെങ്കിൽ ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് എന്നിവ കാരണം പലരുടെയും നിക്ഷേപങ്ങൾ കാലക്രമേണ ശ്രദ്ധയിൽപ്പെടാതെ കിടക്കാറുണ്ട്.
കാലാവധി പിന്നിട്ടു എന്നതുകൊണ്ട് നിക്ഷേപിച്ച പണം ബാങ്കിൽ നിന്ന് നഷ്ടപ്പെടില്ല എന്നത് ആശ്വാസകരമാണെങ്കിലും, ആ തുകയ്ക്ക് ലഭിക്കുന്ന പലിശനിരക്കിൽ വലിയ മാറ്റം സംഭവിക്കും. എഫ്.ഡി ആരംഭിക്കുന്ന സമയത്ത് നിക്ഷേപം സ്വമേധയാ പുതുക്കാൻ (Auto-renewal) നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിൽ, കാലാവധി പൂർത്തീകരിക്കുന്ന ദിവസം നിലവിലുള്ള പലിശനിരക്കിൽ തുക ബാങ്ക് സ്വയം പുതുക്കിയിടും. എന്നാൽ തുക സേവിങ്സ് അക്കൗണ്ടിലേക്ക് തിരികെ നൽകാനുള്ള നിർദ്ദേശമാണ് (Credit to account) നൽകിയതെങ്കിൽ പ്രസ്തുത തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
ഇത്തരം യാതൊരുവിധ നിർദ്ദേശങ്ങളും നൽകിയിട്ടില്ലാത്ത നിക്ഷേപങ്ങളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ ആവശ്യമായിട്ടുള്ളത്. കാലാവധി കഴിഞ്ഞിട്ടും തുക കൈപ്പറ്റാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ, സേവിങ്സ് അക്കൗണ്ട് പലിശനിരക്കാണോ അതോ കാലാവധിയെത്തിയ എഫ്.ഡിക്ക് ബാങ്ക് നൽകുന്ന പലിശനിരക്കാണോ കുറവ്, ആ കുറഞ്ഞ പലിശനിരക്കായിരിക്കും പിന്നീട് നിക്ഷേപത്തിന് ലഭിക്കുക. അതായത് കൂടുതൽ പലിശ ലഭിക്കേണ്ട തുകയ്ക്ക് വളരെ കുറഞ്ഞ സേവിങ്സ് അക്കൗണ്ട് പലിശ മാത്രമായിരിക്കും തുടർന്ന് ബാങ്ക് നൽകുക. ബാങ്കുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും വിലാസവും കൃത്യമായി അപ്ഡേറ്റ് ചെയ്യാനും എഫ്.ഡി കാലാവധി കൃത്യമായി ഓർത്തു വെക്കാനും ശ്രദ്ധിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.












