സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ എഫ്.ഐ.ആർ സുപ്രീം കോടതി ശരിവച്ചെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇ.ഡി കത്ത് ലഭിച്ചപ്പോൾ സർക്കാർ സ്വീകരിച്ച ജാഗ്രതയോടെയുള്ള നടപടിയെയാണ് സുപ്രീം കോടതി അംഗീകരിച്ചതെന്നും, എന്നാൽ എഫ്.ഐ.ആർ റദ്ദാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടില്ലെന്നതാണ് ഇന്നത്തെ വിധിയിലെ പ്രധാന വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ എടുത്ത നിലപാട് നിയമപരമായി ശരിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമം അതിന്റെ വഴിക്ക് പോകുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ പിണറായി വിജയനും ടി. വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.
പ്രതികളുടെ ഭാഗം കേൾക്കാതെ അതിവേഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ സർക്കാരിന് രൂക്ഷമായ വിമർശനവും കോടതിയിൽ നിന്ന് നേരിടേണ്ടിവന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നു എന്ന് വ്യക്തമാക്കിയ കോടതി, കേസ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കുകയും ചെയ്തു. നവരാത്രി അവധിക്കാലത്ത് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹർജികൾ പരിഗണിച്ചത്.










