ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം തിഹാർ ജയിലിൽ നിന്ന് മോചിതരായ ‘കോക്ക്റോച്ച് ജന്ത പാർട്ടി’ (സി.ജെ.പി) നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും സ്വാഗതം ചെയ്ത് പാർട്ടി സ്ഥാപകനും കൺവീനറുമായ അഭിജിത് ദിപ്കെ. മോചനത്തിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച ദിപ്കെ, സൗരവും അശുവും തന്നേക്കാൾ എത്രയോ വലിയ നേതാക്കളാണെന്നും അവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ സന്തോഷത്തോടെ തയ്യാറാണെന്നും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എസ്.ഇ.എം കോടതി ഉത്തരവിനെ തുടർന്നാണ് ഇരുവർക്കും ജയിലിൽ നിന്ന് മോചനം സാധ്യമായത്.
ജയിൽ മോചനത്തിന് ശേഷം ഇരു നേതാക്കളുമായി വീഡിയോ കോൾ വഴി സംസാരിച്ച ദിപ്കെ, തമാശരൂപേണയുള്ള പ്രതികരണവും നടത്തി. “ഇനി മുതൽ തന്റെ അനുവാദമില്ലാതെ ആരും ഒറ്റയ്ക്ക് പൂന്തോട്ടത്തിൽ കറങ്ങി നടക്കരുത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.








