പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ അധിക്ഷേപകരമായ പരാമർശം തികച്ചും ഖേദകരമാണെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ബിഹാറിലെ പട്നയിൽ ആദ്യ മുഖ്യമന്ത്രി ശ്രീ കൃഷ്ണ സിങ്ങിന്റെ ജന്മവാർഷിക ചടങ്ങിൽ സംസാരിക്കവെയാണ് ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്. സർക്കാരിനെ വിമർശിക്കുന്നതിനിടെ സദസ്സിൽ നിന്നൊരാൾ മോദി എവിടെയും പോകില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതാണ് ഖാർഗെയെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി ‘മോദിയല്ല, മോദിയുടെ അച്ഛൻ വരെ ഇറങ്ങിപ്പോകും’ എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
ഖാർഗെയുടെ ഈ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ചിരാഗ് പാസ്വാൻ, സാംസ്കാരിക പാരമ്പര്യമുള്ള ബിഹാറിന്റെ മണ്ണിൽ വെച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചത് അത്യന്തം നിർഭാഗ്യകരമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
ജനാധിപത്യത്തിൽ ആശയപരമായ വ്യത്യാസങ്ങളും എതിർപ്പുകളും സ്വാഭാവികമാണെന്നും എന്നാൽ പൊതുജീവിതത്തിൽ ഭാഷാപരമായ മര്യാദ കാത്തുസൂക്ഷിക്കേണ്ടതും ഒരു സ്ഥാനത്തിന്റെ ഗൗരവത്തെയും അന്തസ്സിനെയും ബഹുമാനിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉപരിയായി വസ്തുതകളെയും യുക്തിയെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം രാഷ്ട്രീയപരമായ എതിർപ്പുകളെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.








