ഡല്‍ഹി: പ്രമുഖ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ പഞ്ചാബ്, യുപി തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ 2017ല്‍ യു.പിയിലും പഞ്ചാബിലും നടക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ തയ്യാറാക്കാനുള്ള കരാറില്‍ നിന്ന് അദ്ദേഹം പിന്മാറുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബറില്‍ ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി പദത്തിലെത്തിച്ചതും, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതും പ്രശാന്തിന്റെ തന്ത്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇചേ തുടര്‍ന്നാണ് 2017ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രശാന്തിനെ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമീപനത്തില്‍ പ്രശാന്ത് കിഷോര്‍ അസ്വസ്ഥനാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ യുപിയിലും മറ്റും പുതിയ ടീമിനം ചുമതലപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. പലരും പരസ്യപ്രതികരണത്തിന് വരെ തയ്യാറാവുന്നു.
പ്രശാന്ത് പുറത്തുനിന്നുള്ള ഒരാളാണെന്നും അതിരുകടന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണെന്നുമാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റ ആക്ഷേപം. കമല്‍ നാഥ്, ഗുലാം നബി ആസാദ്, ഷീലാ ദീക്ഷിത് എന്നിവരുള്‍പ്പെട്ട ടീമാണ് പ്രശാന്ത് നിര്‍ദ്ദേശിച്ചത്. ഇക്കാര്യം ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുകയാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസും പ്രശാന്തും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാവുമെന്നാണ് സൂചന.യുപിയില്‍ പ്രിയങ്ക ഗാന്ധിയേയോ, രാഹുല്‍ഗാന്ധിയേയൊ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് തള്ളിയിരുന്നു. തുടര്‍ന്നാണ് പുതിയ ടീമിനെ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ചത്.
പഞ്ചാബില്‍ താന്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അമരീന്ദര്‍ സിംഗ് പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ മാത്രമാണെന്നും സംഘടനാപരമായ കാര്യങ്ങളിലും ആര്‍ക്കൊക്കെ ടിക്കറ്റ് നല്‍കണമെന്നതിലും അദ്ദേഹത്തിന്റെ യാതൊരു ഇടപെടലും വേണ്ട എന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം പ്രസ്താവനകളെല്ലാം വെറും ഊഹാപോഹങ്ങളാണെന്നാണ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്. രാഹുലിനും, പ്രിയങ്കയ്ക്കും, സോണിയയ്ക്കും ഏറെ താല്‍പര്യമുള്ള പ്രശാന്ത് കിഷോറിനെതിര ഉയരുന്ന പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ താന്‍ പറഞ്ഞ പടി നടത്താനായില്ലെങ്കില്‍ കരാര്‍ വേണ്ടെന്ന് വെക്കാനും പ്രശാന്ത് കിഷോര്‍ തയ്യാറായേക്കും.
Discussion about this post