ലക്‌നൗ: അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍, നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നയത്തിലും അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ഭരണപരാജയത്തിലും ഊന്നിയായിരിക്കും പ്രചരണമെന്ന സൂചന നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളായിരിക്കും സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമായും ഉയര്‍ത്തുക. ഒപ്പം മൃദു ഹിന്ദുത്വ സമീപനവും പാര്‍ട്ടി സ്വീകരിക്കുമെന്നറിയുന്നു.
യുപിയിലെ ഷാംലി ജില്ലയിലെ കൈരാനയില്‍നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് ഗൗരവത്തിലെടുക്കണമെന്ന് അമിത് ഷാ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞു. പശ്ചിമ ബംഗാളിലും കേരളത്തിലും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷാ ചൂണ്ടിക്കാട്ടി. കൈരാനയില്‍നിന്ന് ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി നിയോഗിച്ച എട്ടംഗ സംഘം സംസ്ഥാന ഘടകത്തിന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവിടെ നിന്നുള്ള പാര്‍ട്ടി എംപിയും വിശ്വഹിന്ദു പരിഷത്തും കഴിഞ്ഞ കുറേ ആഴ്ചകളായി ഈ വിഷയം ഉയര്‍ത്തുന്നുണ്ട്.
മഥുരയില്‍ പൊലീസ് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടത് ക്രമസമാധാന പാലനത്തിലെ ഗുരുതര വീഴ്ചയായി ബിജെപി എടുത്തുകാട്ടും. കേന്ദ്രസര്‍ക്കാരിന്റെ വികസന കോണിലൂടെ വേണം തെരഞ്ഞെടുപ്പിനെ നേരിടാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങള്‍, ആധുനിക സാങ്കേതികവിദ്യ എന്നിവയിലൂടെ ജനങ്ങളിലെത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Discussion about this post