ജമ്മു: ഈ വര്‍ഷം നടക്കാനിരിക്കുന്ന അമര്‍നാഥ് തീര്‍ഥയാത്ര അലങ്കോലപ്പെടുത്താന്‍ പാക്കിസ്ഥാനും അവരോടു താല്പര്യമുള്ളവരും ശ്രമിക്കുമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ജൂലൈ രണ്ടിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര സുഗമമായി നടക്കുന്നത് പാക്കിസ്ഥാനും രാജ്യവിരുദ്ധ ശക്തികള്‍ക്കും തീവ്രവാദികള്‍ക്കും ഇഷ്ടമല്ലെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് പറഞ്ഞു.
ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ നിരവധി പേര് ശ്രമിക്കുന്നുണ്ടെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണ്. സൈന്യത്തിനും മറ്റു സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജമ്മുവിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട യോഗത്തിനുശേഷം ഉപമുഖ്യമന്ത്രി പറഞ്ഞു.
ജമ്മുവിലെ രണ്ടു ക്ഷേത്രങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഇടപെടലാണ്. ഇത്തരം സംഭവങ്ങള്‍ ഭാവിയിലുണ്ടാകാതിരിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമര്‍നാഥ് യാത്രയും വിനോദസഞ്ചാര സീസണും ആരംഭിക്കാനിരിക്കെ, ഇത്തരം പ്രശ്നങ്ങള്‍ സമാധാന അന്തരീക്ഷം ഇല്ലാതാക്കും. അതിന് ആരെയും അനുവദിക്കില്ല. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും നിര്‍മല്‍ സിങ് കൂട്ടിച്ചേര്‍ത്തു.
Discussion about this post