കെവിഎസ് ഹരിദാസ്
കോണ്‍ഗ്രസ് നേതൃത്വം ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിച്ചു സ്വയം പുലിവാലുപിടിക്കുന്നു. സ്വന്തം ഭരണകാലത്തുനടന്ന ക്രമക്കേടും കുഴപ്പങ്ങളും ഇന്നിപ്പോള്‍ മോദിയുടെ തലയില്‍ കെട്ടിവെക്കാനാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ പാടുപെടുന്നത്. അതിനുകൂട്ടുപിടിച്ചുകൊണ്ട് കേരളത്തിലെ ‘മനോരമ’ മാരും. മോദി സര്‍ക്കാരിനെതിരെ ഒരു ആക്ഷേപമുയര്‍ന്നപ്പോള്‍ കൊട്ടി ഘോഷിച്ചു നടക്കാന്‍ മുതിര്‍ന്നവര്‍ നാളെ തിരുത്തുമോ എന്നത് കണ്ടു തന്നെ അറിയണം. പറഞ്ഞുവന്നത് ടെലികോം വകുപ്പില്‍ 45 ,000 കോടിയുടെ അഴിമതി എന്ന കോണ്‍ഗ്രസിന്റെ ആരോപണവും അതിനു പ്രചാരമേകാന്‍ ‘മനോരമ’മാര്‍ നടത്തിയ ശ്രമത്തെയും കുറിച്ചാണ്. യഥാര്‍ഥത്തില്‍ മന്മോഹന് സിങ്ങിന്റെ കാലത്തുനടന്ന ക്രമക്കേടില്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത് നരേന്ദ്ര മോദി ഭരണകൂടമാണ് എന്നതാണ് വസ്തുത. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നു. പഴയ ടെലികോം കുംഭകോണത്തിന്റെ ചരിത്രവും മറ്റും ജനങ്ങള്‍ മറന്നു എന്നു കരുതിയാണ് കോണ്‍ഗ്രസുകാര്‍ ഇന്നിപ്പോള്‍ മോദിക്കും ബിജെപിക്കുമെതിരെ രംഗത്തുവരുന്നത്. തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ വീണ്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമെന്നു മനസിലാക്കി മുന്‍കൂര്‍ വെടിപൊട്ടിക്കാനുള്ള കപട നീക്കമാണിത്.
ഇതാണ് കോണ്‍ഗ്രസിന്റെ ആരോപണം; അതു മനോരമ പത്രത്തില്‍ വന്നത് എടുത്തു എഴുതിയാല്‍ തെറ്റില്ലല്ലോ: ‘ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ടെലികോം വകുപ്പില്‍ 45,000 കോടി രൂപയുടെ അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു.രാജ്യത്തെ ആറു ടെലികോം കമ്പനികളില്‍ നിന്നു 45,000 കോടി രൂപ ഈടാക്കാനുള്ളതു പിരിക്കാന്‍ മോദി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. 2006 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ആറു കമ്പനികള്‍ 46, 045 കോടി 45 ലക്ഷം രൂപ വരുമാനത്തില്‍ കുറവ് കാണിച്ചുവെന്നും ഇതുവഴി കേന്ദ്ര ഖജനാവിന് 12,488 കോടി 93 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ( സി എ ജി) റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ തുക പിരിച്ചെടുക്കാന്‍ ശ്രമിക്കാതെ ആറു കമ്പനികളെ സഹായിക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചൂണ്ടിക്കാട്ടി.’

കഴിഞ്ഞ മാര്‍ച്ചിലാണ് സി എ ജിയുടെ റിപ്പോര്‍ട്ട് വരുന്നതു എന്നും ആ വാര്‍ത്തയിലുണ്ട്. അതു കഴിഞ്ഞു മൂന്നു മാസമേ പിന്നിട്ടിട്ടുള്ളൂ എന്നതും അതില്‍ നിന്നു മനസിലാക്കാം. മൂന്നുമാസത്തിനകം ആ പണം മുഴുവന്‍ പിരിച്ചെടുത്തില്ല എന്ന ആക്ഷേപം ഉന്നയിക്കുന്ന കോണ്‍ഗ്രസ് പക്ഷെ അതുനടന്നതു തങ്ങളുടെ കാലഘട്ടത്തിലാണ് എന്നത് മറക്കുന്നു. 2006 07 മുതല്‍ 2009 10 വരെ ആരാണ് കേന്ദ്രം ഭരിച്ചത് എന്നത് ഇക്കൂട്ടര്‍ മനസിലാക്കാതെ പോയതാണോ?. ആരാണ് അന്ന് ടെലികോം വകുപ്പ് കൈകാര്യം ചെയ്തത് എന്നത് എന്തുകൊണ്ടാണ് ഓര്‍ക്കാതെ പോയത്?.
യഥാര്‍ഥത്തില്‍ ഇത്തരമൊരു തട്ടിപ്പ് ടെലികോം കമ്പനികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനു ആരാണ് ഉത്തരവാദി?. സംശയമില്ല, യുപിഎ സര്‍ക്കാരാണ്; അതിലെ ടെലികോം മന്ത്രിയാണ്; അതും പോരെങ്കില്‍ അന്നത്തെ പ്രധാനമന്ത്രിയാണ്. ഇവിടെ കോണ്‍ഗ്രസ് പറയുന്നത്, മൂന്നു മാസം കൊണ്ടു പണം ടെലികോം കമ്പനികളില്‍ നിന്നു പിരിച്ചെടുക്കാത്തത് പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരമാണ് എന്നാണല്ലോ. അങ്ങിനെയെങ്കില്‍ ആ വീഴ്ച അന്ന് സംഭവിച്ചതിനും അന്നത്തെ പ്രധാനമന്ത്രിക്ക് ചുമതലയില്ലേ?.
യുപിഎ യുടെ കാലഘട്ടത്തില്‍ നടന്ന ടെലികോം കുംഭകോണങ്ങള്‍ നാമൊക്കെ കണ്ടതാണ്. ടു ജി തട്ടിപ്പിന്റെ കാര്യം മാത്രമെടുക്കാം. അന്ന് നഷ്ടമായത് 1 , 76 ,000 കോടിയാണ് എന്നാണ് സി എ ജി പറഞ്ഞത്. എന്നതിനെ കളിയാക്കി നടക്കുകയാണ് കോണ്‍ഗ്രസുകാര്‍ ചെയ്തത്. ഒരു നയാപൈസ നഷ്ടം സംഭവിച്ചിട്ടില്ല എന്നും അവര്‍ അന്ന് നമ്മെയൊക്കെ ബോധ്യപ്പെടുത്താന്‍ വൃഥാ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നത് മറക്കാന്‍ സമയമായിട്ടില്ല. യഥാര്‍ത്ഥത്തില്‍ അന്ന് ആ രാജ മാത്രമല്ല മന്മോഹനും പി ചിദംബരവും പിന്നെ അതിനപ്പുറമുള്ള അദൃശ്യ കരങ്ങളുമൊക്കെ അതില്‍ പങ്കാളികളായിരുന്നു എന്നത് രേഖകളില്‍ നിന്നും വ്യകതമായതാണ്. പിന്നീട് അതോക്കെ, 2 ജി ഇടപാട് മുഴുവന്‍, സുപ്രീം കോടതി റദ്ദാക്കുകയും വീണ്ടും ലേലം നടത്തുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. എത്രയോ കോടികളാണ് മന്മോഹന് സിങ് സര്‍ക്കാര്‍ നശിപ്പിച്ചത് എന്നത് തെളിയുകയും ചെയ്തു.
സാധാരണ നിലക്ക് ഒരു സി എ ജി റിപ്പോര്‍ട്ട് വന്നാല്‍ അതു പാര്‍ലമെന്റിലെത്തും. പാര്‍ലമെന്ററി സമിതികള്‍ അതു പരിശോധിക്കും. അതൊക്കെയാണ് പതിവ്. വേണമെങ്കില്‍ ആരെങ്കിലും ഉന്നയിച്ചാലത് സഭയില്‍ ചര്‍ച്ച ചെയ്യുകയുമാവാം. ഇതു ഒരു പക്ഷെ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയുണ്ട് എന്നുകരുതിയാവാം ഇത്തരമൊരു ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. ഇന്നിപ്പോള്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് ഇതു പരിശോധിക്കാവുന്നതാണ്. കെവി തോമസാണല്ലോ പിഎ സി ചെയര്മാന്. ഇതൊക്കെയാണെന്നിരിക്കെ എന്തിനിങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചു?. അതു സംശയമില്ല, തങ്ങള്‍ക്കെതിരെ ഉയരുന്നത് തടയാനുള്ള ഒരു വൃഥാ ശ്രമം തന്നെ.
രവിശങ്കര്‍ പ്രസാദിനെ ടെലികോം വകുപ്പില്‍ നിന്നും മാറ്റുകയും നിയമ മന്ത്രിയാക്കുകയും ചെയ്തപ്പോള്‍ അതിനൊരു കാരണം കണ്ടെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത് ക്രമക്കേട് നടത്തിയതിനാണ് എന്നു വരുത്തിത്തീര്‍ക്കാനും ഇതിനിടെ ശ്രമിക്കാമെന്ന് അവരെല്ലാം കരുതിയിരിക്കും. അഴിമതിക്കാരാണ് എന്നറിഞ്ഞിട്ടും, അഴിമതി നിര്‍ബാധം നടത്തുകയാണ് എന്നത് മനസ്സിലാക്കിയിട്ടും മന്മോഹന് സിങ്ങിന് ഒരു മന്ത്രിയെപോലും ഒഴിവാക്കാനോ വകുപ്പില്‍ മാറ്റം വരുത്താനോ കഴിഞ്ഞിരുന്നില്ല. അത്രമാത്രം ദയനീയമായിരുന്നു മന്മോഹന്റെ അവസ്ഥ. അദ്ദേഹത്തെപ്പോലെയാണ് മോദി എന്നാണോ കോണ്‍ഗ്രസുകാര്‍ കരുതുന്നത് എന്നതറിയില്ല. രവിശങ്കര്‍ പ്രസാദിനെ നിയമവകുപ്പിലേക്കു മാറ്റിയത് അതില്‍ കുറച്ചു പോരായ്മാ കണ്ടതുകൊണ്ടാണ് എന്നത് വേണമെങ്കില്‍ പറയാം. ജഡ്ജിമാരുടെ നിയമനമടക്കമുള്ള പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാനാവാത്ത അവസ്ഥയുണ്ടല്ലോ ഇന്നിപ്പോള്‍. അതിനുകാരണം സുപ്രീം കോടതി കാണിക്കുന്ന പിടിവാശിയാണ് എന്നുവേണമെങ്കില്‍ പറയാമെന്നു തോന്നുന്നു. ജഡ്ജി നിയമനം സംബന്ധിച്ച നിയമം അസാധുവാക്കിയ സുപ്രീം കോടതി ഒരു വിധത്തിലും ഒരു ധാരണക്ക് വഴങ്ങാന്‍ തയ്യാറാകാത്ത അവസ്ഥയുണ്ട് എന്നത് പരാമര്ഥമാണ് . അതു ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതേയുള്ളൂ ഇനിയിപ്പോള്‍ മാര്‍ഗം. അതിനു മുന്‍ നിയമ മന്ത്രിക്കു കഴിയാതെ വന്നുവെന്നത് ശരിയുമാണ്. അതാവണം രവിശങ്കര്‍ പ്രസാദിനെ നിയമിച്ചതിനു പിന്നില്‍. മറ്റൊരു സുപ്രീം കോടതി അഭിഭാഷകന് കൂടിയായ ചൗധരിയാണ് നിയമവകുപ്പിലെത്തിയ സഹ മന്ത്രി എന്നതും കാണാതെ പൊയ്ക്കൂടാ. അതു കണ്ടിട്ട് , രവിശങ്കര്‍ പ്രസാദ് അഴിമതി നടത്തിയതുകൊണ്ടാണ് മാറ്റിയത് എന്നുകൂടി വരുത്തിത്തീര്‍ക്കാനുള്ള ശ്രമം എന്തായാലും കഷ്ടം തന്നെയായി.
യഥാര്‍ഥത്തില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനമെടുത്തിരുന്നു. സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ടെലികോം കമ്പനികള്‍ക്ക് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചത്. അങ്ങനെയാണല്ലോ അവരില്‍ നിന്നു പണം ഈടാക്കാന്‍ കഴിയുള്ളൂ. അതിനുള്ള നീക്കമാരംഭിച്ചതിനു ശേഷമാണ് ഇന്നിപ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്കും കേന്ദ്രത്തിനുമെതിരെ ആരോപണം ഉന്നയിച്ചത് എന്നതും പ്രധാനമാണ്. അതായത്, ടെലികോം കമ്പനികള്ക്കുവേണ്ടിയാണോ ആരോപണം എന്നും കണക്കിലെടുക്കേണ്ടിയിരിക്കുന്നു.
Discussion about this post