ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ നിന്ന് രണ്ടാമത്തെ റിയാക്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതില്‍ നിന്ന് കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമകും. യൂണിറ്റൊന്നിന് മൂന്നുരൂപ 90 പൈസ നിരക്കിലായിരിക്കും വൈദ്യുതി നല്‍കുന്നതെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്പറേഷന് (എന്‍പിസിഎല്‍) സിഎംഡി എസ്.കെ. ശര്‍മ പറഞ്ഞു. കൂടംകുളത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 13.3 ശതമാനം വിഹിതമാണ് കേരളത്തിനുള്ളത്. പുതിയ റിയാക്ടറില്‍ നിന്നുള്ള 133 മെഗാവാട്ടുകൂടി ചേര്‍ത്ത് കൂടംകുളത്തുനിന്ന് കേരളത്തിന് ആകെ 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് സി.എം.ഡി എസ്.കെ ശര്‍മ പറഞ്ഞു.
പദ്ധതിയിലെ 50 ശതമാനത്തിലേറെ വൈദ്യുതി തമിഴ്നാടിന് അവകാശപ്പെട്ടതാണ്. രണ്ടാമത്തെ റിയാക്ടര്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതില്‍ നിന്ന് പൂര്‍ണതോതില്‍ വൈദ്യുതി ഗ്രിഡിലേക്ക് നല്കാന് മൂന്നുമാസം സമയമെടുക്കും. അതായത് മൂന്നുമാസം കഴിഞ്ഞേ രണ്ടാം റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി കേരളത്തിന് കിട്ടിത്തുടങ്ങൂ. മേയ് മാസത്തിലാണ് യുറേനിയം ഇന്ധനം, റിയാക്ടര്‍ കോറില്‍ നിറച്ചത്. ആറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡില്‍ നിന്ന് അനുമതി കിട്ടിയതിനുശേഷം ശനിയാഴ്ച അണുവിശ്ലേഷണം തുടങ്ങി. 35 മണിക്കൂര്‍ കൊണ്ട് റിയാക്ടറിന് ഉല്പാദനക്ഷമത കൈവരിക്കാനായി.
Discussion about this post