തിരഞ്ഞെടുപ്പ് മുതൽ മഴപെയ്യുന്നതിനെ കുറിച്ച് വരെ വാതുവെപ്പ് നടത്തുന്ന ഒരു പ്രദേശം. ഈ ചെറിയ പട്ടണത്തിലെ ഒരു പ്രധാന വ്യവസായം തന്നെ വാതുവെപ്പ് ആണ്. അതും ചെറിയ വാതുവെപ്പുകൾ ഒന്നുമല്ല കോടികളുടെ ബിസിനസ് ആണ് ഇവിടെ നടക്കുന്നത്. ഇതാണ് ഇന്ത്യയിലെ കുപ്രസിദ്ധമായ ഫലോഡി സട്ട ബസാർ എന്ന വാതുവെപ്പ് പട്ടണം. രാജസ്ഥാനിലെ ജോധ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഫലോഡി എന്ന ചെറിയ പട്ടണത്തിൽ വർഷംതോറും 20 കോടിയിലേറെ രൂപയുടെ വാതുവെപ്പുകൾ ആണ് നടക്കുന്നത്. എന്നാൽ 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതോടെ ഇതുവരെയായി 100 കോടിയോളം രൂപയുടെ വാതുവെപ്പ് ഫലോഡി സട്ട ബസാറിൽ നടന്നതായാണ് പറയപ്പെടുന്നത്.
ഫലോഡി പട്ടണത്തിൽ ആകെ ഏകദേശം 6 ലക്ഷത്തോളം ജനങ്ങൾ ആണ് വസിക്കുന്നത്. ഇവരിൽ 1200 ൽ അധികം പേർ വാതുവെപ്പ് വ്യവസായം നടത്തുന്നവരാണ്. ഇന്ത്യയിൽ നടന്ന പല സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ പോലും ഫലോഡി സട്ട ബസാറിൽ നിന്നും ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ്, ക്രിക്കറ്റ്, ലോട്ടറി എന്നിങ്ങനെ തുടങ്ങി മഴ പെയ്യുന്ന ദിവസത്തെ കുറിച്ച് വരെ ഇവിടെ വാതുവെപ്പ് നടക്കുന്നു.
അത്യാവശ്യം വലിയ രീതിയിൽ വലിയ തുകകൾ വച്ച് തന്നെ നടത്തുന്ന ഈ വാതുവെപ്പുകൾക്കായി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ശക്തമായ നെറ്റ്‌വർക്ക് ഫലോഡിയിൽ ഉണ്ട്. കർശനമായ ആക്സസ് നിയന്ത്രണങ്ങളോടെ വാട്സ്ആപ്പ് വഴിയും സ്വകാര്യ വെബ്സൈറ്റുകൾ വഴിയുമാണ് വാതുവെപ്പ് നടക്കുന്നത്. സ്വന്തമായ ചില ഇന്റലിജൻസ് സംവിധാനങ്ങളും ഇവർക്കുണ്ട്. തങ്ങളുടെ നെറ്റ്‌വർക്ക് പരിധിക്ക് പുറത്തുനിന്നുള്ള ആരെയും ഇവർ വാർഡ് സംവിധാനങ്ങളിലേക്ക് ആക്സസ് ചെയ്യാൻ അനുവദിക്കാറില്ല.
നൂറ്റാണ്ടുകൾ നീണ്ട ചരിത്രമാണ് ഫലോഡി സട്ട ബസാറിന് ഉള്ളത്. 1860 നും 1870 നും ഇടയിലാണ് സട്ട ബസാർ ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് മുംബൈയിലെ വെള്ളി വിപണിയുമായി ബന്ധപ്പെട്ട് ആയിരുന്നു ഇവിടെ പ്രധാനമായും വാതുവെപ്പുകൾ നടന്നിരുന്നത്. ഇന്ന് ക്രിക്കറ്റ് മുതൽ തിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളിൽ പലപ്പോഴും കൃത്യമായ പ്രവചനങ്ങൾ നടത്തിക്കൊണ്ട് സട്ട ബസാറിലെ വാതുവെപ്പ് കേന്ദ്രങ്ങൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും നേടാറുണ്ട്.
ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ അല്ലാതെ ഫലോഡിയിലെ പൊതു വിപണിയിൽ പ്രവർത്തിക്കുന്ന ധാരാളം കേന്ദ്രങ്ങളുമുണ്ട്. നിലവിൽ ഇവിടത്തെ വാതകപ്പ് വ്യവസായികളെ സംബന്ധിച്ച് പണം വാരുന്ന കാലമാണ്. ലോക്സഭ തിരഞ്ഞെടുപ്പ്, ഐപിഎൽ എന്നിവയെല്ലാമായി ബന്ധപ്പെട്ട് വാതുവെപ്പ് നടക്കുന്നുണ്ട്. ഇവയിൽ പലതും വലിയ വലിയ തുകകൾക്കാണ് വാതുവെപ്പുകൾ നടക്കുന്നത്. എന്നാൽ അതേസമയം തന്നെ കാലാവസ്ഥ വ്യതിയാനം, വിളവെടുപ്പ് എന്നീ കാര്യങ്ങളെക്കുറിച്ചും ഇപ്പോൾ ഫലോഡി സട്ട ബസാറിൽ വാതുവെപ്പ് നടന്നുകൊണ്ടിരിക്കുന്നുണ്ട്.
Discussion about this post